Breaking News

ഒമാനില്‍ പെണ്‍വാണിഭം; രണ്ടുസ്ത്രീകളും തളിപ്പറമ്പ് സ്വദേശിയും പിടിയില്‍

വീട്ടുജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഒമാനിലെത്തിച്ച് പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസില്‍ രണ്ടു സ്ത്രീകളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. പേരൂര്‍ കുറ്റിച്ചിറ റഹിയാനത്ത് മന്‍സിലില്‍ റഹിയാനത്ത്(35), കുറ്റിച്ചിറ സൗഹാര്‍ദ്ദ നഗറില്‍ വരാലുവിള ചിറയില്‍ വീട്ടില്‍ രമാവതി(40), കണ്ണൂര്‍ തളിപ്പറമ്പ് കാറ്റൂര്‍കാരന്‍ വീട്ടില്‍ അസനാമന്‍സിലില്‍ അഷ്‌റഫ്(50) എന്നിവരാണ് അറസ്റ്റിലായത്.
ചാത്തിനാംകുളം സ്വദേശിയായ യുവതിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതിക്ക് 13000രൂപ അങ്ങോട്ട് കൊടുത്ത ശേഷം 32000രൂപക്ക് വിമാനടിക്കറ്റ് എടുത്തുകൊടുത്താണ് മസ്‌കറ്റില്‍ എത്തിച്ചത്.

പണം എത്തിച്ചതും ടിക്കറ്റ് എടുത്ത് നല്‍കിയതും രണ്ടാം പ്രതിയായ രമാദേവിയാണെന്ന് പോലീസ് പറഞ്ഞു. മസ്‌കറ്റിലെത്തിയ യുവതിയെ പ്രതികളുടെ ഫ് ളാറ്റില്‍ താമസിപ്പിച്ചശേഷം അടുത്തദിവസം മറ്റൊരു സ്ഥലത്ത് ജോലിക്കാണെന്ന് പറഞ്ഞ് കൊണ്ടുപോയി പെണ്‍വാണിഭസംഘത്തിന് കൈമാറുകയായിരുന്നുവത്രെ.

എന്നാല്‍ ആപത്ത് മനസ്സിലാക്കിയ യുവതി അവരില്‍നിന്ന് രക്ഷപ്പെട്ട് ഒരു മലയാളിയുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. അവിടെനിന്ന് സപ്തംബര്‍ 11 ന് നാട്ടില്‍ എത്തി. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയെതുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതികള്‍ നാട്ടിലെത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

അറസ്റ്റിലായ റഹിയാനത്ത് വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. ഇവര്‍ ഭര്‍ത്താവ് മരിച്ചതിനെതുടര്‍ന്ന് മസ്‌കറ്റില്‍ എത്തിയപ്പോഴാണ് അഷറഫിനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. അഷറഫിന് നാട്ടില്‍ ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

മറ്റു പല സ്ത്രീകളെയും ഇവര്‍ ഗള്‍ഫില്‍ എത്തിച്ച് ചതിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കല്ലുംതാഴം, ചാമ്പക്കുളം തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് സ്ത്രീകളെ കൊണ്ടുപോയിട്ടുണ്ടെന്നാണ് കരുതുന്നത്. ചുരുങ്ങിയ കാലം കൊണ്ട് റഹിയാനത്ത് വന്‍ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിയത്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.