Breaking News

ജയില്‍ ചാടിയ ബലാല്‍സംഗ വീരന്‍ ജയശങ്കര്‍ പിടിയിലായി

ബാംഗ്ലൂര്‍ പരപ്പ അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടിയ കൊടുംകുറ്റവാളി ജയശങ്കര്‍ പിടിയിലായി. ബാംഗ്ലൂരിലെ ബൊമ്മഹള്ളിയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ജയശങ്കറിന്റെ കൂട്ടാളികളായിരുന്നവരെ ഉപയോഗിച്ച് പോലീസ് തന്ത്രപൂര്‍വം ഒരുക്കിയ കെണിയില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ബലാല്‍സംഗ പരമ്പര, കൊലപാതകം, കവര്‍ച്ച തുടങ്ങി 36 കേസുകളില്‍ പ്രതിയാണ് തമിഴ്‌നാട് സ്വദേശിയായ ജയശങ്കര്‍.

30 അടി ഉയരമുള്ള മുളയും കയറും ഉപയോഗിച്ചാണ് ജയശങ്കര്‍ ജയില്‍ ചാടിയത്. സംഭവവുമായി ബന്ധപ്പെട്ട് അസി. സൂപ്രണ്ട്, രണ്ടു ജയിലര്‍മാര്‍, ചീഫ് വാര്‍ഡന്‍ എന്നിവരുള്‍പ്പെടെ 11 ജയില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നഗരത്തിലാകെ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് ഇയാള്‍ക്കായി വലവിരിച്ചിരുന്നു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപയും പോലീസ് പ്രതിഫലമായി പ്രഖ്യാപിച്ചിരുന്നു.

ഒറ്റയ്ക്കു സ്ത്രീകള്‍ കഴിയുന്ന വീടുകള്‍ തെരഞ്ഞുപിടിച്ച് സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുകയാണു ജയശങ്കറിന്റെ രീതി. കര്‍ണാടകയിലെ ബാംഗ്ലൂര്‍ റൂറല്‍, ബിജാപുര്‍, ചിത്രദുര്‍ഗ, ദാവന്‍ഗെരെ, ഷിമോഗ തുടങ്ങിയ ജില്ലകളില്‍ ഇത്തരത്തില്‍ നിരവധി കൊലപാതകങ്ങള്‍ ജയശങ്കര്‍ നടത്തിയിട്ടുണ്ട്. കൊലപാതകക്കേസുകളില്‍ അറസ്റ്റിലായി 2010 മാര്‍ച്ച് 18ന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ജയിലില്‍നിന്ന് ധര്‍മപുരിയിലെ അതിവേഗ കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ സേലം ബസ് സ്റ്റാന്‍ഡില്‍ ഇയാള്‍ പോലീസുകാരെ വെട്ടിച്ചു രക്ഷപെട്ടു.

തുടര്‍ന്നു കര്‍ണാടകയിലെത്തിയ ഇയാള്‍ വിവിധ ജില്ലകളില്‍ ഒളിവില്‍ താമസിച്ചു ക്രൂരകൃത്യങ്ങള്‍ ചെയ്തുവരുന്നതിനിടയിലാണ് ബിജാപുരില്‍ അറസ്റ്റിലാകുന്നത്. 2009 ല്‍ തമിഴ്‌നാട്ടില്‍ ഒരു വനിതാ പോലീസിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍. ജയ്ശങ്കര്‍ തട്ടിക്കൊണ്ടുപോയ വനിതാ പോലീസിന്റെ മൃതശരീരം ഒരു മാസത്തിനു ശേഷം കണ്ടെത്തുകയായിരുന്നു.