Breaking News

കൊങ്ങായി മുസ്‌തഫ ഓര്‍മ്മയായി

മുസ്ലിം ലീഗ് നേതാവും തളിപ്പറമ്പ നഗരസഭ കൗണ്‍സിലറുമായ  ഞാറ്റുവയല്‍ സ്വദേശി കൊങ്ങായി മുസ്തഫ (45) അന്തരിച്ചു. എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ രാത്രി 10.30 നായിരുന്നു അന്ത്യം. തളിപ്പറമ്പ നഗരസഭ കൗണ്‍സിലര്‍ എന്ന നിലയില്‍ രാഷ്ട്രിയ ഭേദമന്യ ഏവരുടെയും പ്രീതിയും പ്രശംസയും പിടിച്ചു പറ്റിയ വ്യക്തിത്വമായിരുന്നു മുസ്തഫയുടേത്.



യൂത്ത് ലീഗിന്റെ ശാഖ തലത്തില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങി പ്രവര്‍ത്തന രംഗത്തെ മികവുകൊണ്ട് മാത്രം ഉന്നത സ്ഥാനം ലഭിച്ച വ്യക്തിത്വമായിരുന്നു ഇദ്ധേഹത്തിന്റേത്, നിലവില്‍ STU ജില്ല വൈസ് പ്രസിഡണ്ട് കൂടിയായ ഇദ്ദേഹം തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂള്‍ മാനേജര്‍, മുസ്ലിം ലീഗ് ജില്ല വര്‍ക്കിംഗ് കമ്മിറ്റിയംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്.  യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയംഗം, തളിപ്പറമ്പ ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി ഭാരവാഹി തുടങ്ങി നിരവധി സ്ഥാനങ്ങളും അദ്ധേഹത്തെ തേടിയെത്തി.

അക്രമ രാഷ്ട്രിയത്തിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടിവന്ന തളിപ്പറമ്പില്‍ സമാധാന പ്രവര്‍ത്തങ്ങള്‍ക്ക് എന്നും മുന്നിട്ടിറങ്ങാന്‍ മുസ്തഫയെ പോലെ ചില ചുരുക്കം നേതാക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച മുസ്തഫയുടെ വിയോഗത്തോടെ തളിപ്പറമ്പിലെ സാധാരണക്കാരന്റെ ശബ്ദമാണില്ലാതാകുന്നത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രോഗബാധിതനായി മുസ്തഫയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



പരേതനായ അബ്ദുള്ള കൊങ്ങായി ആയിഷ ദമ്പതികളുടെ മകനാണ്, ഭാര്യ: മറിയം, മക്കള്‍: മുഹസിന്‍, ആയിഷാബി, സുമയ്യ.

ബുധനാഴ്ച്ച രാവിലെ 8.30 നോടെ തളിപ്പറമ്പില്‍എത്തിക്കുന്ന മൃതദേഹം 10 മണി മുതല്‍ തളിപ്പറമ്പ ജുമാഅത്ത് പള്ളി പരിസരത്ത് പൊതു ദര്‍ശനത്തിന് വെക്കും തുടര്‍ന്ന് ഉച്ചയോടെ മൃതദേഹം കബറടക്കും. മുസ്തഫയോടുള്ള ആദര സൂചകമായി ബുധനാഴ്ച്ച തളിപ്പറമ്പ നഗരസഭ പരിധിയില്‍ യുഡിഫ് ഹര്‍ത്താല്‍ ആചരിക്കും.