Breaking News

പാചക വാതകമടക്കമുള്ള സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുത്: സുപ്രീംകോടതി

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ പെട്രോളിയം മന്ത്രാലയത്തിന്റെ  നടപടിക്ക് തിരിച്ചടിയായി സുപ്രീംകോടതിയുടെ ഉത്തരവ്. ആധാര്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനം ഒരിക്കലും നിഷേധിക്കരുതെന്നും ആധാര്‍ കാര്‍ഡ് എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്നും  കാര്‍ഡ് സ്വമേധയാ എടുക്കേണ്ടതാണെന്നും അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

എല്‍.പി.ജി സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി വിധി. ആധാര്‍ കാര്‍ഡ് എടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്  വ്യക്തികളാണെന്നും, വ്യക്തി സ്വാതന്ത്ര്യത്തില്‍പ്പെടുന്ന കാര്യമായതിനാല്‍ അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും  കോടതി ഉത്തരവില്‍ പറയുന്നു.

ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ആര്‍ക്കും നിഷേധിക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടതില്ലെന്നും പകരം മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാമെന്നും കോടതി ഉത്തരവിട്ടു.