പാപ്പിനിശ്ശേരിയില്‍ മാര്‍ബിള്‍ ശേഖരം
പാപ്പിനിശ്ശേരിയിലെ നിര്‍ദിഷ്ട റെയില്‍വേ മേല്പാല നിര്‍മാണപ്രവൃത്തിയുടെ മുന്നോടിയായുള്ള മണ്ണുപരിശോധനയില്‍ ഭൂമിക്കടിയില്‍ വന്‍ മാര്‍ബിള്‍ ശേഖരമുണ്ടെന്ന് സുചന ലഭിച്ചു.
പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റിന് സമീപത്ത് നടത്തുന്ന മണ്ണുപരിശോധനക്കിടയിലാണ് മാര്‍ബിളിന്റെ സാന്നിധ്യം സംബന്ധിച്ച് സൂചന ലഭിച്ചത്.
നാല്പത് മീറ്ററോളം താഴ്ചയിലേക്ക് മണ്ണുപരിശോധന നടത്തിയപ്പോള്‍ത്തന്നെ മാര്‍ബിളിന്റെ മേല്‍പാളി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആഴത്തിലേക്ക് കടന്നതോടെ വൈവിധ്യമാര്‍ന്നതും ഗുണമേന്മയേറിയുമായ മാര്‍ബിളുകള്‍ കണ്ടെത്തി.
രണ്ടാഴ്ചയോളമായി പ്രദേശത്ത് മണ്ണുപരിശോധന പുരോഗമിക്കുകയാണ്. ഭൂമിക്കടിയില്‍ പാറയുടെ സാന്നിധ്യം കണ്ടെത്തുന്നതുവരെയാണ് പരിശോധന നീളുക. വിവിധസ്ഥലങ്ങളില്‍ നിര്‍മിക്കുന്ന മേല്പാലങ്ങള്‍ക്കായി പതിനാലിടങ്ങളില്‍ മണ്ണുപരിശോധന നടത്തി വരികയാണ്.