Breaking News

അരിയിലെ സി.പി.എം ഓഫീസ്‌ കയ്യേറി മുസ്ലിംലീഗുകാര്‍ പച്ച പെയിന്റടിച്ചു


കൊല്ലപ്പെട്ട എം.എസ്‌.എഫ്‌ പ്രവര്‍ത്തകന്‍ അബ്‌ദുള്‍ ഷുക്കൂറിന്റെ നാടായ അരിയിലില്‍ സി.പി.എം ബ്രാഞ്ച്‌ കമ്മിറ്റി ഓഫീസ്‌ കെട്ടിടം മുസ്ലിംലീഗുകാര്‍ പിടിച്ചെടുത്ത്‌ പച്ച പെയിന്റടിച്ചു. വിവരമറിഞ്ഞ്‌ സ്ഥലത്ത്‌ സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ഒഴുകിയെത്തി. സംഘര്‍ഷമൊഴിവാക്കാന്‍ നൂറ്‌ കണക്കിന്‌ പോലീസുകാര്‍ അരിയിലില്‍ തമ്പടിച്ചിട്ടുണ്ട്‌. ഇന്നലെ സി.പി.എം പ്രവര്‍ത്തകനെ ലീഗുകാര്‍ വഴിയില്‍ തടഞ്ഞ്‌ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്‌.

അരിയില്‍ പഞ്ചായത്ത്‌ കിണറിന്‌ സമീപത്തെ കോണ്‍ക്രീറ്റ്‌ കെട്ടിടമാണ്‌ ലീഗുകാര്‍ കയ്യേറി കൈവശപ്പെടുത്തിയത്‌. 600 ചതുരശ്ര അടി വിസ്‌തൃതിയുള്ളതാണ്‌ കെട്ടിടം. കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനുള്ളില്‍ 15 തവണ ആക്രമണത്തിനിരയായതാണ്‌ ഈ കെട്ടിടം. വാതില്‍ പൂട്ടിയതിനാല്‍ അകത്ത്‌ കടക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പുറത്ത്‌ ചുമരുകളും തൂണും ഉള്‍പ്പെടെ പച്ച പെയിന്റടിച്ച നിലയിലാണ്‌. മുസ്ലിംലീഗുകാരായ ഒരു സംഘം ഇന്ന്‌ പുലര്‍ച്ചെയാണ്‌ ഓഫീസ്‌ പിടിച്ചെടുത്തതെന്ന്‌ സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ചെമ്മീന്‍കണ്ടി ജീവനക്കാരനായ നാസര്‍ എന്നയാള്‍ ഇതുവഴി നടന്നുപോകവെ അഞ്ചോളം പേര്‍ ഏണി വച്ച്‌ കെട്ടിടത്തില്‍ പെയിന്റടിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇയാളെ കണ്ടയുടന്‍ സംഘം സ്ഥലം വിടുകയും ചെയ്‌തുവത്രെ. ബ്രാഞ്ച്‌ സെക്രട്ടറി ടി.വി. നാരായണന്റെ പരാതിയില്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. കൊല്ലപ്പെട്ട ഷുക്കൂറിന്റെ സഹോദരന്‍ പുതിയാറമ്പത്ത്‌ ഷെഫീഖ്‌, പുതിയാറമ്പത്ത്‌ സക്കറിയ, മൊട്ടമ്മല്‍ കുതിരപ്പുറത്തെ നാസര്‍, എം.കെ. ഇസ്‌മയില്‍, അവരക്കന്‍ അഷ്‌റഫ്‌, കെ.പി. അന്‍സാര്‍ തുടങ്ങിയവരാണ്‌ ഓഫീസ്‌ കയ്യേറിയതെന്ന്‌ പരാതിയില്‍ ചൂണ്ടിക്കാട്ടി.

 സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മുതല്‍ സി.പി.എം പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക്‌ പ്രവഹിച്ചുതുടങ്ങിയിരുന്നു. ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സംസ്ഥാന സമിതിയംഗം എം.വി. ജയരാജന്‍ ഏരിയാ നേതാക്കളായ പി. വാസുദേവന്‍, കെ. കരുണാകരന്‍, കെ. സന്തോഷ്‌, ടി. ബാലകൃഷ്‌ണന്‍, ലോക്കല്‍ സെക്രട്ടറി യു.വി. വേണു, എ. രാജേഷ്‌, എം. ചന്ദ്രന്‍മാസ്റ്റര്‍, ടി. പ്രകാശന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. 11 മണിയോടെ രോഷമിരമ്പിയ പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന്‌ സി.പി.എം പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. കോണ്‍ഗ്രസ്‌ ഓഫീസിന്‌ സമീപത്തെ ഒരു കട ഒഴികെ അരിയില്‍ പ്രദേശത്തെ കടകളെല്ലാം ഇന്ന്‌ അടഞ്ഞുകിടക്കുകയാണ്‌. ഡി.വൈ.എസ്‌.പി: കെ.എസ്‌. സുദര്‍ശനന്‍, സി.ഐമാരായ എ.വി. ജോണ്‍ (തളിപ്പറമ്പ), അബ്‌ദുള്‍ റഹിം (പയ്യന്നൂര്‍), വേണുഗോപാല്‍ (മട്ടന്നൂര്‍), തളിപ്പറമ്പ, പഴയങ്ങാടി, പയ്യന്നൂര്‍, പരിയാരം എസ്‌.ഐമാര്‍, എസ്‌.പിയുടെ ധ്രുതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങി ശക്തമായ പോലീസ്‌ സേനയാണ്‌ അരിയിലില്‍ ക്യാമ്പ്‌ ചെയ്‌തിട്ടുള്ളത്‌.

 2012 ഫിബ്രവരി 20ന്‌ അരിയിലിലെ എം.എസ്‌.എഫ്‌ നേതാവ്‌ അബ്‌ദുള്‍ ഷുക്കൂര്‍ കണ്ണപുരം കീഴറയില്‍ കുത്തേറ്റ്‌ മരിച്ചിരുന്നു. സി.പി.എം- മുസ്ലിംലീഗ്‌ സംഘര്‍ഷമുണ്ടായ അരിയിലില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ്‌ എം.എല്‍.എയും സന്ദര്‍ശിച്ചപ്പോള്‍ മുസ്ലിംലീഗുകാര്‍ വാഹനം തടഞ്ഞ്‌ ആക്രമിച്ചിരുന്നു. നേതാക്കള്‍ സഹകരണ ആശുപത്രിയില്‍ കഴിയവെ ഉച്ചതിരിഞ്ഞ്‌ ഷുക്കൂറിനെ കീഴറയില്‍ സി.പി.എമ്മുകാര്‍ ബന്ദിയാക്കി കുത്തിക്കൊന്നുവെന്നാണ്‌ കേസ്‌. പി. ജയരാജന്‍ ഉള്‍പ്പെടെ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയാണ്‌.



അതിനിടെ ഇന്നലെ രാത്രി അരിയിലില്‍ സി.പി.എം പ്രവര്‍ത്തകനായ ചങ്ങനാര്‍ ഷാജുവിനെ മുസ്ലിംലീഗുകാര്‍ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്‌. അരിയില്‍ ശ്‌മശാനത്തിനടുത്തുകൂടെ എട്ട്‌ മണിയോടെ നടന്നുപോകവെ വെട്ടിക്കൊന്ന്‌ പുഴയിലെറിയുമെന്നാണത്രെ മുസ്ലിംലീഗുകാര്‍ ഭീഷണി മുഴക്കിയത്‌. ഷെരീഫിന്റെ നേതൃത്വത്തിലാണ്‌ ഭീഷണി മുഴക്കിയതെന്ന്‌ ഷാജു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.