Breaking News

കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍


ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ നാലുപ്രതികള്‍ക്കും വധശിക്ഷ. തെക്കന്‍ ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ 23-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസിലാണ് പ്രതികളായ മുകേഷ് (26), വിനയ്ശര്‍മ (20), പവന്‍ ഗുപ്ത (19), അക്ഷയ്‌സിങ് ഠാക്കൂര്‍ (28) എന്നിവരെ തൂക്കിലേറ്റാന്‍ അതിവേഗകോടതി ശിക്ഷവിധിച്ചത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികളില്‍ വിചാരണയ്ക്കിടെ ബസ്സിലുണ്ടായിരുന്നെന്ന് സമ്മതിച്ചത് മുകേഷ് മാത്രമാണ്. മറ്റുപ്രതികളെല്ലാം കുറ്റം നിഷേധിച്ചു.

കേസിലെ മുഖ്യപ്രതിയായിരുന്ന രാംസിങ്ങിനെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെയുള്ള വിചാരണനടപടി ഒഴിവാക്കിയിരുന്നു. എങ്കിലും, കൂട്ടബലാത്സംഗവും കൊലപാതകവും ഉള്‍പ്പെടെ മറ്റുപ്രതികള്‍ക്കെതിരെ തെളിഞ്ഞ എല്ലാകുറ്റങ്ങളും രാംസിങ്ങും ചെയ്തതായി കോടതി വ്യക്തമാക്കി.

കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നേരത്തേ മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. നാല് പ്രതികള്‍ക്കും പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കുറ്റകൃതൃത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി യോഗേഷ്ഖന്ന നാല് പേര്‍ക്കും വധശിക്ഷ തന്നെ വിധിച്ചത്.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലത്ത് അത്തരം കാടത്തത്തിനെതിരെ കണ്ണടയ്ക്കാന്‍ ആവില്ല എന്ന് വ്യക്തമാക്കിയ കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇതെന്നും വ്യക്തമാക്കി. വിധി സ്വാഗതം ചെയ്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

കൂട്ടബലാത്സംഗത്തിനുപുറമേ പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി സാകേതിലെ അതിവേഗ കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയോടൊപ്പം ബസ്സിലുണ്ടായിരുന്ന യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും പ്രതികളെല്ലാവരും കുറ്റക്കാരാണെന്നും കണ്ടെത്തി.

ബലാത്സംഗം, കൊലപാതകം എന്നിവയ്ക്കുപുറമേ പ്രതികള്‍ക്കെതിരെ ചുമത്തിയ കൊലപാതകശ്രമം, അസ്വാഭാവിക നടപടികള്‍, കവര്‍ച്ച, തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന, കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ കോടതി ശരിവെച്ചു. എന്നാല്‍, കവര്‍ച്ചയ്ക്കിടെ കൊലപാതകം എന്ന കുറ്റത്തില്‍നിന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന പ്രതികളെ ഒഴിവാക്കി. തടവില്‍ വെക്കാനായി തട്ടിക്കൊണ്ടുപോകല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കാന്‍ തട്ടിക്കൊണ്ടുപോകല്‍, സ്ത്രീയെ നശിപ്പിക്കാന്‍ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ചയ്ക്കിടെ മനപ്പൂര്‍വം പരിക്കേല്‍പ്പിക്കല്‍, മോഷണമുതല്‍ തെറ്റായിസ്വീകരിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരവും പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞു.

സംഭവശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 201 പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു നിയമവിരുദ്ധമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനായി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനാല്‍ 366-ാം വകുപ്പ് പ്രകാരവും പ്രതികള്‍ കുറ്റക്കാരാണെന്ന് ജഡ്ജി പറഞ്ഞു. രാംസിങ്, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത,മുകേഷ് എന്നിവരും പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാരനുമാണ് കുറ്റകൃത്യം നടന്ന ബസ്സിലുണ്ടായിരുന്നത്. കൂട്ടബലാത്സംഗത്തിനുപുറമേ ക്രൂരപീഡനത്തിനും ഇരയായ പെണ്‍കുട്ടി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആസ്പത്രിയില്‍ മരിച്ചു. ബസ്സില്‍ കൂടെയുണ്ടായിരുന്ന സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായ സുഹൃത്തിന് പ്രതികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു.

അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍


ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷയ്‌ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതികളിലൊരാളായ മുകേഷിന്റെ അഭിഭാഷകന്‍ വി.കെ ആനന്ദ് അറിയിച്ചു. ബലാത്സംഗങ്ങള്‍ ഇല്ലാതാക്കാന്‍ ഈ വിധി ഉപകരിക്കുമോയെന്നറിയാന്‍ താന്‍ രണ്ടു മാസം കാത്തിരിക്കുമെന്നും രണ്ടു മാസത്തിനുള്ളില്‍ രാജ്യത്ത് മറ്റൊരു ബലാത്സംഗം നടന്നാല്‍ അപ്പീല്‍ നല്‍കുമെന്നും മറ്റൊരു പ്രതിയുടെ അഭിഭാഷകന്‍ എ.പി സിങ് വ്യക്തമാക്കി.