Breaking News

അബുദാബി ലോകത്തിലെ മികച്ച നാലാമത്തെ നഗരം

ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ കൂട്ടത്തില്‍ അബുദാബിയും. ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരീസ് എന്നീ നഗരങ്ങളാണ് അബുദാബിക്ക് മുന്നിലായുള്ളത്. കച്ചവടസാധ്യത ഏറെയുള്ള രണ്ടാമത്തെ നഗരം അബുദാബിയും ഒന്നാമത്തെ നഗരം ന്യൂയോര്‍ക്കുമാണെന്നും ഏറ്റവും പുതിയ കണക്കെടുപ്പില്‍ വ്യക്തമാക്കുന്നു.

ഹോങ്കോങ്ങിനെയും ടോക്കിയോയെയും ലണ്ടനെയും പിറകിലാക്കിയാണിത്. സ്ഥലവ്യാപ്തിയുടെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ലണ്ടനേക്കാളും ന്യൂയോര്‍ക്കിനേക്കാളും വളരെയധികം പുരോഗതിയാണ് നഗരത്തിനുള്ളത്. പ്രശസ്ത ഗവേഷണകമ്പനിയായ ബെന്‍വേജിന്റെ ആഭിമുഖ്യത്തില്‍ 24 രാഷ്ട്രങ്ങളിലെ 16നും 64 നും ഇടയില്‍ പ്രായമുള്ളവരുടെ ഇടയില്‍ നടത്തിയ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍. ലോകത്തിലെ ഏറ്റവും സുഖകരമല്ലാത്ത നഗരങ്ങളില്‍ ഒന്നാമത് എത്തിയത് പാകിസ്താനിലെ കറാച്ചിയാണ്.

അര്‍ജന്‍റീന, ഓസ്‌ട്രേലിയ, ബെല്‍ജിയം, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, ഹങ്കറി, ഇന്ത്യ, ഇന്‍ഡൊനീഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, പോളണ്ട്, റഷ്യ, സൗദിഅറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, സ്‌പെയിന്‍, സ്വീഡന്‍, തുര്‍ക്കി, യു.എസ്. എന്നീ രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്. സൗദി അറേബ്യയാണ് അബുദാബിയെ ഏറ്റവുമധികം പിന്തുണച്ച രാഷ്ട്രം. മികച്ച വളര്‍ച്ചയുള്ള സാമ്പത്തികാവസ്ഥയാണ് അബുദാബിയുടേത്. എണ്ണവ്യവസായത്തോടൊപ്പം വിനോദസഞ്ചാരം, കച്ചവടം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സാധ്യതകളാണ് അബുദാബിയെ പിടിച്ചുനിര്‍ത്തുന്ന ഘടകം.