Breaking News

മരണപ്പാച്ചില്‍ , മലപ്പുറം ജില്ലയില്‍ ബസ് മറിഞ്ഞു 14 മരണം.

മലപ്പുറം: പെരിന്തല്‍മണ്ണയ്ക്ക് സമീപം തേലക്കാട്ട് സ്വകാര്യബസ് മറിഞ്ഞ് ഏഴു വിദ്യാര്‍ത്ഥിനികളടക്കം പതിമൂന്ന് പേര്‍ മരിച്ചു. 31-പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം നടന്നത്. 

പെരിന്തല്‍മണ്ണയില്‍നിന്ന് അലനല്ലൂരിലേക്കുപോയ 'ഫ്രണ്ട്‌സ്' എന്ന സ്വകാര്യ മിനിബസ്സാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ മരത്തിലിടിച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്.

ഒന്‍പതുപേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയുമാണ് മരിച്ചത്. മരിച്ചവരില്‍ ഏഴുപേര്‍ വിദ്യാര്‍ത്ഥിനികളും നാലുപേര്‍ സ്ത്രീകളും രണ്ടുപേര്‍ പുരുഷന്മാരുമാണ്. ഒന്‍പതുപേരുടെ മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെ മൗലാന ആസ്പത്രിയിലും നാല് മൃതദേഹങ്ങള്‍ അല്‍ ഷിഫ ആസ്പത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. 

ബസ് ഡ്രൈവര്‍ സല്‍മാനുല്‍ ഇംത്യാസ്, മേല്‍ക്കുളങ്ങര സ്വദേശികളായ മറിയ (50), ഫസീന (17), ചെറിയക്കന്‍ (55), മങ്കടക്കുഴി സൈനബ, നീതു (18), വെന്നിയത്ത് ഫാത്തിമ, അഷ്മി, കവണിയില്‍ ചെറുക്കി, കാവണ്ണയില്‍ സബീറ, മടത്തൊടി ഷംന, കാപ്പ് തെസ്‌നി, കോഴിപ്പറമ്പില്‍ മുബശിറ എന്നിവരാണ് മരിച്ചത്. ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങള്‍ പലതും.

അപകടത്തില്‍ പെട്ടവരില്‍ ബന്ധുക്കള്‍ ഉണ്ടോയെന്ന ആശങ്കയോടെ നിരവധിപേര്‍ ആസ്പത്രിക്കു മുന്നില്‍ എത്തിയിട്ടുണ്ട്. വിവിധ സ്‌കൂളുകളില്‍നിന്ന് പരീക്ഷ കഴിഞ്ഞ മടങ്ങിയ കുട്ടികളും പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികളും അപകടത്തില്‍പ്പെട്ട മിനി ബസ്സിലുണ്ടായിരുന്നു. ഗുരുതരമായ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ചികിത്സയില്‍ കഴിയുന്ന ആറുപേരുടെ നില ഗുരുതരമാണ്. ഒരാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

അപകടത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു. ബസ് വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. മന്ത്രി മഞ്ഞളാംകുഴി അലി ആസ്പത്രിയിലെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ഉടന്‍ സംഭവസ്ഥലം സന്ദര്‍ശിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

ബസ് അമിതവേഗത്തില്‍ ആയിരുന്നുവെന്ന് ദൃക് സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചസമയം ആയതിനാല്‍ അപകടം നടക്കുമ്പോള്‍ ബസ്സില്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

താനൂരില്‍ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് എട്ടുപേര്‍ മരിച്ചതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പാണ് മലപ്പുറം ജില്ലയില്‍ വീണ്ടും വാഹനാപകടം. നാല് കുട്ടികളും രണ്ട് സ്ത്രീകളും അടക്കം ബന്ധുക്കളായ എട്ടു പേരാണ് കഴിഞ്ഞയാഴ്ച താനൂരില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.