Breaking News

നാലംഗകുടുംബം കിടപ്പുമുറിയില്‍ വെന്തുമരിച്ചു

ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയില്‍ പെരുന്തടത്ത് നാലംഗകുടുംബത്തെ കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഉദയഗിരി താളിപ്പാറയിലെ പുതുപ്പറമ്പില്‍ സജി (38), ഭാര്യ അടിച്ചിറക്കല്‍ സിന്ധു (31), മക്കളായ ആതിര (11), അതുല്യ സജി(5) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വീട് കത്തിയമര്‍ന്ന് ഓട് പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കിടപ്പുമുറിയില്‍ മൃതദേഹങ്ങള്‍ കണ്ടത്.

ഉറങ്ങിക്കിടന്ന ഭാര്യയുടെയും മക്കളുടെയുംമേല്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് സജിയും കൂടെ കത്തിയമരുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടുമുറിയും അടുക്കളയുമുള്ള വീട് പൂര്‍ണമായും ചാമ്പലായി. കത്തിവീണ മേല്‍ക്കൂരയ്ക്കും പൊട്ടിയ ഓടുകള്‍ക്കുമിടയില്‍ നാലു മൃതദേഹങ്ങളും അടുത്തടുത്തായിട്ടാണ് കിടന്നത്. 

കിടപ്പുമുറിയിലെ അടച്ചിട്ട അലമാരയും വസ്ത്രങ്ങളും കുട്ടികളുടെ പാഠപുസ്തകങ്ങളും പൂര്‍ണമായും കത്തിനശിച്ചു. മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച അടുക്കളഭാഗം മാത്രമാണ് ബാക്കിയുള്ളത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തവിധത്തിലാണ്. വീടിനുപുറത്ത് അഞ്ച് ലിറ്ററിന്റെ രണ്ട് ഒഴിഞ്ഞ മണ്ണെണ്ണ കന്നാസുകളും ഒന്നര ലിറ്ററിന്റെ കുപ്പിയും തുറന്നുവെച്ചനിലയില്‍ കണ്ടെത്തി.

മുമ്പ് ചെത്തുതൊഴിലാളിയായിരുന്ന സജി ഇടയ്ക്ക് മരം മുറിക്കുന്ന ജോലിയും ചെയ്തിരുന്നു. യന്ത്രവാള്‍ തട്ടി കാല്‍മുറിഞ്ഞതിനെത്തുടര്‍ന്ന് ഒന്നരമാസമായി തെങ്ങ് ചെത്താന്‍ പോകാറില്ല. എന്നാല്‍, രണ്ടാഴ്ചയായി മരം മുറിക്കാന്‍ പോകുന്നുണ്ട്. ഭാര്യ സിന്ധുവിന്റെ അമ്മ അടിച്ചിറക്കല്‍ ശാന്തയുടെ വീട്ടിലാണ് സജിയും കുടുംബവും താമസിച്ചിരുന്നത്. 

സംഭവസമയത്ത് ശാന്ത പ്രാപ്പൊയിലിലെ ബന്ധുവീട്ടിലായിരുന്നു. കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതിരുന്ന സജി പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവക്കാരനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

സംഭവമറിഞ്ഞയുടന്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. രാത്രിതന്നെ കണ്ണൂര്‍ എസ്.പി. രാഹുല്‍ ആര്‍.നായര്‍, തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.എസ്.സുദര്‍ശന്‍, പയ്യന്നൂര്‍ സി.ഐ. അബ്ദുള്‍റഹീം, പെരിങ്ങോം എസ്.ഐ. കെ.പി.രാമകൃഷ്ണന്‍, പി.വി.ശ്രീധരന്‍, പയ്യന്നൂര്‍ എസ്.ഐ. ഷാജി പട്ടേരി, ആലക്കോട് എസ്.ഐ. ശശികുമാര്‍ എന്നിവര്‍ തുടര്‍നടപടിക്ക് നേതൃത്വം നല്‍കി. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പോലീസ് സര്‍ജന്‍ കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ വീട്ടിനുള്ളില്‍ത്തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി. 

ഉദയഗിരി താളിപ്പാറയിലെ പരേതനായ കേശവന്റെയും കുഞ്ഞമ്മയുടെയും മകനാണ് സജി. സഹോദരങ്ങള്‍: ബാബു, രാജന്‍, ഷിജു.