Breaking News

ഇന്ത്യയിലെ ഗ്രാമീണരില്‍ ഏറ്റവും സമ്പന്നര്‍ കേരളത്തില്‍

ദിവസം 88.69 രൂപ ചെലവിടുന്ന ഗ്രാമീണ മലയാളി ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഗ്രാമീണനെന്ന് ദേശീയ സാമ്പിള്‍ സര്‍വേ ഫലം. എന്നാല്‍ നഗരവാസികളിലെ സമ്പന്നരില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണ്. ഹരിയാണയാണ് ഇതില്‍ മുന്നില്‍.

കേരളത്തിലെ ഒരു ഗ്രാമീണന്‍ മാസം ശരാശരി 2669 രൂപയും നഗരവാസി 3408 രൂപയും മാത്രമാണ് ചെലവിടുന്നത്. ഗ്രാമങ്ങളില്‍ ദിവസം 88.96 രൂപയും നഗരങ്ങളില്‍ 113.6 രൂപയും ചെലവിട്ട് ജീവിക്കുന്ന മലയാളി സമ്പന്നനാവുമ്പോള്‍ പല സംസ്ഥാനങ്ങളിലെയും ജീവിതനിലവാരത്തെപ്പറ്റി ചിന്തിക്കാന്‍പോലുമാവില്ല. രാജ്യമൊട്ടാകെയെടുത്താല്‍ ഗ്രാമങ്ങളില്‍ 1430 രൂപയും നഗരങ്ങളില്‍ 2630 രൂപയുമാണ് ഒരാളിന്റെ ശരാശരി മാസച്ചെലവ്. 

68-ാമത് ദേശീയ സാമ്പിള്‍ സര്‍വേ ഫലങ്ങളാണ് ഇന്ത്യ ദരിദ്രന്‍േറതാണെന്ന് ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തുന്നത്. കുടുംബങ്ങളുടെ പ്രതിമാസച്ചെലവ് കണ്ടെത്തിയാണ് ജീവിതനിലവാരത്തിന്റെ സംസ്ഥാനതല താരതമ്യപഠനം ഈ സര്‍വേ വിലയിരുത്തിയത്. ഈ കണക്കുകളില്‍ തെണ്ടുല്‍ക്കര്‍ സമിതി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രയോഗിച്ചാണ് ആസൂത്രണ കമ്മീഷന്‍ സംസ്ഥാനങ്ങളിലെ ദാരിദ്ര്യരേഖ നിര്‍ണയിച്ചത്. ഏഴുവര്‍ഷംകൊണ്ട് രാജ്യത്തെ ദാരിദ്ര്യത്തില്‍ 15.3 ശതമാനം കുറവുണ്ടായെന്നാണ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. അയഥാര്‍ത്ഥമായ ഈ കണക്കുകള്‍ വിവാദമായിരുന്നു.

മാസം 2000 രൂപയിലധികം ചെലവഴിക്കുന്ന ഗ്രാമീണര്‍ കേരളം കഴിഞ്ഞാല്‍ പിന്നെ രണ്ടുസംസ്ഥാനങ്ങളിലേ ഉള്ളൂ. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബില്‍ 2345 രൂപ. ഹരിയാനയില്‍ 2176 രൂപ. പ്രതിശീര്‍ഷച്ചെലവ് ഏറ്റവും പിന്നിലുള്ള ഒഡീഷയിലെ ഗ്രാമീണന് ചെലവിടാനാവുന്നത് വെറും 1003 രൂപയാണ്. ഛത്തീസ്ഗഢില്‍ 1027 രൂപയും.

നഗരവാസികളുടെ ചെലവില്‍ ഹരിയാണയ്ക്കാണ് ഒന്നാംസ്ഥാനം. ഇവിടെ ഒരാള്‍ മാസം 3817 രൂപ ചെലവിടുമ്പോള്‍ കേരളത്തില്‍ 3408 രൂപയാണ്. മഹാരാഷ്ട്ര (3189 രൂപ) യും കര്‍ണാടക (3026രൂപ) യുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ബീഹാറാണ് ഏറ്റവും പിന്നില്‍. 1570 രൂപ. ഛത്തീസ്ഗഢ്, ഒഡീഷ, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഇത് ദേശീയ ശരാശരിക്കും താഴെയാണ്.

ഗ്രാമങ്ങളില്‍ മാസം 2886 രൂപയും നഗരങ്ങളില്‍ 6383 രൂപയും ചെലവിടുന്നവര്‍ രാജ്യത്തെ അഞ്ചുശതമാനംവരുന്ന ഏറ്റവും സമ്പന്നരുടെ വിഭാഗത്തിലാണെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. ജൂലായ് 2011 മുതല്‍ ജൂണ്‍ 2012 വരെയാണ് സര്‍വേ നടന്നത്.