Breaking News

അറബിക്കല്യാണം തുടരുന്ന കഥകള്‍


അപരിചിതനായ അറബിയെ വിവാഹംകഴിക്കാന്‍ നിര്‍ബന്ധിതയാകുമ്പോള്‍ 17 വയസ്സ്. അവളറിഞ്ഞില്ല അതൊരു വലിയ കുരുക്കാകുമെന്ന്. 

പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോഴായിരുന്നു സ്വപ്നംതകര്‍ത്ത ആ കല്യാണം. പതിനേഴാംരാവില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇരുപത്തിയെട്ടുകാരനായ അറബി അക്കരയ്ക്ക് പറന്നു. പ്രായവുംപക്വതയും എത്തുംമുന്‍പ് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചവര്‍ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് അവള്‍. നടുക്കുന്ന ആ ദിനങ്ങള്‍മറന്ന് പഠനത്തിന്റെ പുത്തന്‍ അധ്യായം വീണ്ടുംതുറക്കുകയാണ്. 
മലപ്പുറം മഞ്ചേരി സ്വദേശിനിയുടെ മകളാണ് അവസാനിച്ചെന്ന് കരുതിയ അറബിക്കല്യാണത്തിന്റെ ഒടുവിലത്തെ ഇര. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത മലപ്പുറം ശിശുക്ഷേമസമിതി, അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാപോലീസ് മേധാവിയോട് നിര്‍ദേശിച്ചിരിക്കുകയാണ്. ശൈശവവിവാഹ നിരോധന നിയമപ്രകാരവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ നിരോധന നിയമപ്രകാരവുമാണ് കേസ്.
നന്നേചെറുപ്പത്തില്‍ വാപ്പ നഷ്ടപ്പെട്ട കുട്ടിയാണവള്‍. തുണികള്‍ തയ്ച്ച് വീടുകളില്‍ കൊണ്ടുപോയി വില്‍ക്കുന്ന പണിയായിരുന്നു ഉമ്മയ്ക്ക്. ദാരിദ്ര്യം വഴിമാറാത്തതിനാലാണ് മകളെ അവര്‍ കോഴിക്കോട് മുഖദാറിലുള്ള യത്തീംഖാനയില്‍ ചേര്‍ത്തത്. കുഞ്ഞനിയനെയും അനിയത്തിയെയും നാട്ടിലുള്ള അനാഥാലയത്തിലുമാക്കി.
ഒന്നാംക്ലാസ് മുതല്‍ ആ അനാഥാലയമായിരുന്നു അവളുടെവീട്. കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ 70 ശതമാനത്തിലേറെ മാര്‍ക്കോടെ മികച്ച വിജയംനേടി ഏതൊരു കുട്ടിയെയുംപോലെ ഉന്നതപഠനത്തിനൊരുങ്ങി. ഇതിനിടെയാണ് അവളുടെ ജീവിതം മാറ്റിമറിച്ച വിവാഹം വരുന്നത്. ആലോചന കൊണ്ടുവരുന്നതാകട്ടെ അതുവരെ താങ്ങുംതണലുമായിനിന്ന യത്തീംഖാനയുടെ അധികൃതര്‍. ജാസിംമുഹമ്മദ് അബ്ദുള്‍ കരിം അബ്ദുല്ലാ അല്‍ അഹമ്മദ് എന്നായിരുന്നു യു.എ.ഇ.ക്കാരനായ അറബിയുടെ പേര്. ഫോട്ടോ കാണിച്ച് ഇയാളെ കല്യാണം കഴിക്കണമെന്നും യത്തീംഖാനയ്ക്ക് ഇതുമൂലം സാമ്പത്തിക മെച്ചമുണ്ടാകുമെന്നും പറഞ്ഞതായി പെണ്‍കുട്ടി പറയുന്നു. 
വിവാഹപ്രായം പതിനാറ് ആക്കി സര്‍ക്കുലര്‍ ഇറക്കിയത് സംബന്ധിച്ച വിവാദം കത്തിനില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. പെണ്‍കുട്ടിയുടെ കടുത്ത എതിര്‍പ്പിനിടെ ജൂണ്‍ 13-ന് യത്തീംഖാനയില്‍ വിവാഹം നടന്നു.
പിന്നെ കുമരകത്തും കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലും കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. എതിര്‍ത്തപ്പോള്‍ തല്ലി. ഉമ്മയെ ഒന്നു കാണാനോ ഫോണ്‍ വിളിക്കാനോപോലും അനുവദിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. 
അറബിയുടെ ഉമ്മ കല്ലായിക്കടുത്ത് നായ്പ്പാലം സ്വദേശിനിയാണ്.പിതാവായ അറബി ഗള്‍ഫിലും. ജൂണ്‍ 30-ന് പെണ്‍കുട്ടിയെ നായ്പ്പാലത്തെ വീട്ടിലാക്കി യുവ അറബി ഗള്‍ഫിലേക്ക് മടങ്ങി. യത്തീംഖാന അധികൃതരെ സമീപിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തി. മൂന്നാഴ്ചമുന്‍പ് യത്തീംഖാന അധികൃതര്‍ ഉമ്മയുടെ അടുത്തേക്ക് മടങ്ങിക്കൊള്ളാനും അറബി വരുമ്പോള്‍ വിളിക്കാമെന്നും പറഞ്ഞതായി പെണ്‍കുട്ടി പറഞ്ഞു. ഇതേത്തുടര്‍ന്ന് മലപ്പുറത്തെ അഭിഭാഷകനായ അഡ്വ. കെ.കെ. സമദ് മുഖേന ഇവര്‍ ശിശുക്ഷേമസമിതിയെ സമീപിക്കുകയായിരുന്നു. 
ജീവിതം ദുരന്തമായിമാറിയ രണ്ടുമാസത്തിനുശേഷം തിങ്കളാഴ്ച അവള്‍ വീണ്ടും പഠനം തുടങ്ങുകയാണ്. മഞ്ചേരിയിലെ കോളേജില്‍ ബി.കോമിന് ആണ് പ്രവേശനം ലഭിച്ചത്. നെഞ്ചുവേദനയും ശ്വാസംമുട്ടലും മൂലം ഉമ്മ തുന്നല്‍ജോലി നിര്‍ത്തി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ പഠനം ഒരു ചോദ്യചിഹ്നമാണെന്ന് അവള്‍ക്കറിയാം.
നാട്ടില്‍പലരും സഹായിച്ചാണ് പ്രവേശനഫീസ് അടച്ചത്. എങ്കിലും ഉമ്മയ്ക്കും കുഞ്ഞുസഹോദരങ്ങള്‍ക്കുംവേണ്ടി പഠിച്ചേ തീരൂ എന്ന് അവള്‍പറയുന്നു. ഒപ്പം ഇനി ആര്‍ക്കും തനിക്കുണ്ടായ ദുരനുഭവം ഉണ്ടാകാതിരിക്കാനുള്ള പോരാട്ടം തുടരുമെന്നും ഉറച്ചശബ്ദത്തില്‍ അവള്‍ പറയുന്നു.
അതേസമയം ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നും സൗകര്യം ഒരുക്കുക മാത്രമേ തങ്ങള്‍ ചെയ്തുള്ളൂവെന്നുമാണ് യത്തീംഖാന അധികൃതരുടെ വിശദീകരണം.