Breaking News

സിറിയ: വന്‍ശക്തികള്‍ ഭിന്നചേരിയില്‍ ; ലോകം ആശങ്കയില്‍


സിറിയയില്‍ അമേരിക്കയുടെ സൈനിക ഇടപെടല്‍ ആസന്നമായതോടെ ലോകം വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണ്. സിറിയയില്‍ ഒതുങ്ങുന്നതാവില്ല ഭവിഷ്യത്തുകള്‍ എന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

സിറിയയെച്ചൊല്ലി ലോകം ചേരിതിരിഞ്ഞിരിക്കുന്നു. പ്രബലരായ അമേരിക്കയും റഷ്യയും രണ്ടു ചേരികളേയും നയിക്കുന്നു. രാസായുധം പ്രയോഗിച്ചെന്ന് തെളിഞ്ഞാല്‍ സിറിയന്‍ ഭരണകൂടം കടുത്ത നടപടി നേരിടുമെന്ന് അമേരിക്കയും ബ്രിട്ടനും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണനീക്കത്തില്‍ ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളും ഇവര്‍ക്കൊപ്പം ചേരുന്നു. മറുവശത്ത് സിറിയയുടെ അടുത്ത സുഹൃത്തായ റഷ്യയാണ് യുദ്ധനീക്കത്തെ ശക്തമായി എതിര്‍ക്കുന്നത്. ഇറാനും ചൈനയും സിറിയയോട് ആഭിമുഖ്യമുള്ളവരാണ്. ലോകത്തെ പ്രബലരാജ്യങ്ങളെല്ലാം ഇങ്ങനെ ഇരുചേരികളില്‍ ഭീഷണിയുമായി അണിനിരന്നതോടെ, യുദ്ധമുണ്ടായാല്‍ അതിന്റെ വ്യാപ്തി വളരെ വലുതായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. മൂന്നാം ലോകയുദ്ധത്തിലേക്ക് സംഭവങ്ങള്‍ എത്തിപ്പെടുമോ എന്ന് ആശങ്കപ്പെടുന്നവരും കുറവല്ല. മധ്യപൂര്‍വദേശമാകെ കത്തുമെന്ന് സിറിയ മുന്നറിയിപ്പും നല്കിയിട്ടുണ്ട്.

സിറിയയില്‍ ഇടപെടാന്‍ ഐക്യരാഷ്ട്രസഭയുടെ അനുമതിക്ക് പാശ്ചാത്യരാജ്യങ്ങള്‍ കാത്തിരിക്കുമെന്ന് കരുതാനാവില്ല. റഷ്യയും ചൈനയും വിയോജിക്കുമെന്നതിനാല്‍ ആക്രമണത്തിന് അനുമതിയും ലഭിക്കില്ല. യു.എന്‍. അനുമതി ആവശ്യമില്ലെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

യു.എന്‍. പരിശോധകര്‍ ഇപ്പോള്‍ രാസായുധപ്രയോഗം നടന്ന സ്ഥലങ്ങളില്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. പക്ഷേ, പരിശോധനയ്ക്ക് സമയം വൈകിപ്പോയെന്നും ഇനിയുള്ള കണ്ടെത്തലുകള്‍ വിശ്വസനീയമാകണമെന്നില്ലെന്നും അമേരിക്ക അഭിപ്രായപ്പെട്ടിട്ടുണ്ട്. രാസായുധം പ്രയോഗിച്ചത് സിറിയന്‍ സൈന്യമാണെന്ന കാര്യത്തില്‍ സംശയങ്ങളില്ലെന്നും അവര്‍ വിലയിരുത്തുന്നു. യു.എന്‍. കണ്ടെത്തലുകള്‍ എന്തായാലും അമേരിക്ക തീരുമാനമെടുത്തു കഴിഞ്ഞു എന്നാണ് സൂചന.

സിറിയയെച്ചൊല്ലി രണ്ടരവര്‍ഷമായി അമേരിക്കയും റഷ്യയും ഭിന്നവീക്ഷണങ്ങളിലാണ്. രാസായുധ പ്രയോഗത്തോടെ അത് തീക്ഷ്ണമായി. സിറിയയിലെ ഇടപെടല്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കുമെന്ന് റഷ്യയും ഇറാനും അമേരിക്കയോട് ആവര്‍ത്തിച്ചിട്ടുണ്ട്. രാസായുധം പ്രയോഗിച്ചത് വിമതസേനയാണെന്നാണ് അവരുടെ നിലപാട്. സിറിയയുമായി റഷ്യക്ക് ദീര്‍ഘകാലത്തെ സൗഹൃദമുണ്ട്. ഇപ്പോഴത്തെ പ്രസിഡന്‍റ് അസദിന്റെ പിതാവ് ഹഫേസ് അല്‍ അസദുമായി സോവിയറ്റ് യൂണിയന്‍ ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. രാഷ്ട്രീയ, സൈനിക താത്പര്യങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ട്. അതുകൊണ്ട് സിറിയയ്‌ക്കെതിരായ ഏതുനീക്കവും റഷ്യ ചെറുക്കും.

2003-ല്‍ ഇറാഖിലെ അധിനിവേശമാണ് ഇപ്പോള്‍ അമേരിക്ക ഓര്‍ക്കുന്നത്. സദ്ദാം ഹുസൈന്‍ വിനാശകാരിയായ രാസായുധങ്ങള്‍ കുന്നുകൂട്ടിയിട്ടുണ്ട് എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ആക്രമണം. എന്നാല്‍ അങ്ങനെയൊന്നുണ്ടായിരുന്നില്ലെന്ന് യുദ്ധശേഷം തെളിഞ്ഞു. ചരിത്രപരമായ ആ മണ്ടത്തരം ആവര്‍ത്തിക്കണോ എന്ന് റഷ്യ അമേരിക്കയോട് ചോദിക്കുന്നു. മധ്യപൂര്‍വദേശത്ത് ഒരു സാഹസം അമേരിക്കന്‍ ജനതതന്നെ ആഗ്രഹിക്കുന്നില്ലെന്ന് ഒബാമയ്ക്കറിയാം. എങ്കിലും, രണ്ടരവര്‍ഷത്തിനിടെ ഒന്നേകാല്‍ ലക്ഷം പേരുടെ ജീവന്‍ നഷ്ടപ്പെട്ട സിറിയന്‍ പ്രതിസന്ധിയില്‍ ഇടപെടാതിരുന്നാല്‍ തങ്ങളുടെ പ്രസക്തി ഇല്ലാതാകുമെന്നും ഒബാമ ഭയപ്പെടുന്നു.