Breaking News

പ്രവാസികളെ സഹായിക്കാന്‍ ലീഗല്‍സെല്‍ തുടങ്ങും -നിയമസഭാസമിതി

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി മേഖലയിലെ സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ട് ലീഗല്‍സെല്‍ രൂപവത്കരിക്കുമെന്ന് സംസ്ഥാനനിയമസഭയുടെ പ്രവാസിക്ഷേമസമിതി ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റില്‍ സമിതി സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതത് രാജ്യങ്ങളിലെ നിയമവിദഗ്ധരെ ഉള്‍പ്പെടുത്തിയായിരിക്കും സെല്‍ രൂപവത്കരിക്കുക. ഇതിനാവശ്യമായ നടപടികള്‍ തുടങ്ങി. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചനടത്തി അന്തിമരൂപം നല്‍കും.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും സഹായിക്കാനും എംബസികളില്ലാത്ത സ്ഥലങ്ങളില്‍ ഹെല്‍പ്പ്ഡസ്‌ക് തുടങ്ങാനും നടപടിയായി. ബഹ്‌റൈന്‍, യു.എ.ഇ. എന്നിവിടങ്ങളില്‍ ഹെല്‍പ്പ്ഡസ്‌ക് തുറന്നു. അപകടങ്ങളില്‍പ്പെട്ടും മറ്റും മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമായ നിയമസഹായങ്ങളടക്കം ഇതിലൂടെ ലഭ്യമാക്കും.

നിതാഖാത് നിയമത്തെത്തുടര്‍ന്ന് നാട്ടിലെത്തുന്നപ്രവാസികളെ പുനരധിവസിപ്പിക്കാന്‍ സമഗ്രമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ആകെ 10,995 പേരാണ് നിതാഖാത് നിയമത്തെത്തുടര്‍ന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയില്‍ 3.97 കോടിരൂപ ആദ്യഘട്ടമായി സര്‍ക്കാര്‍ അനുവദിച്ചു.ഒരുവര്‍ഷം 200 സംരംഭങ്ങള്‍ക്ക് സഹായം നല്‍കും. 17,500 അപേക്ഷ ലഭിച്ചു. നിതാഖാത്തിനുമുമ്പും ഗള്‍ഫിതര രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തിയവരെയും പരിഗണിക്കും. പ്രവാസിനിക്ഷേപമായി കേരളത്തിലെ പൊതുമേഖല ബാങ്കുകളില്‍ 60,000 കോടി രൂപയുണ്ടെന്നാണ് കണക്ക്. അതിനാല്‍ 3-4 ശതമാനം പലിശ സബ്‌സിഡി പ്രവാസി സംരംഭകര്‍ക്ക് പ്രത്യേകമായി അനുവദിക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ സഭാസമിതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിതാഖാത് കാരണം ഇന്ത്യയില്‍ 75,000 ത്തോളം പേര്‍ മടങ്ങിയെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിപക്ഷവും മലയാളികളാണ്. അതിനാല്‍ പുനരധിവാസമെന്നത് വലിയ വെല്ലുവിളിയാണ്. 30കോടി കേന്ദ്രസഹായമടക്കം കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ സമിതി ശ്രമിക്കുന്നുണ്ട്. പ്രവാസികള്‍ക്ക് ആധാര്‍ രജിസ്‌ട്രേഷന് പ്രത്യേക ക്യാമ്പ് നടത്താന്‍ നിര്‍ദേശിക്കും.

പ്രൊഫഷണല്‍ കോഴ്‌സുകളുടെ എന്‍.ആര്‍.ഐ. ക്വാട്ട പാവപ്പെട്ട പ്രവാസികള്‍ക്കുകൂടി പ്രാപ്യമാകുന്ന വിധത്തില്‍ ഫീസ് കുറയ്ക്കണമെന്നും ആവശ്യമുയര്‍ന്നു.

എം.എല്‍.എ.മാരായ എ.പി.അബ്ദുള്ളക്കുട്ടി, ടി.വി.രാജേഷ്, പ്രവാസികാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍.എസ്.കണ്ണന്‍, ജില്ലാ കളക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു.

വിവിധ പ്രവാസിസംഘടനാ നേതാക്കളായ ഉമ്മര്‍വിളക്കോട്, മഹമൂദ് പാറക്കാട്ട്, അഡ്വ. ആഷിഖ്, സി.കെ.പി.മമ്മു, സി.കെ.സി.മുഹമ്മദ്, സി.പി.മുഹമ്മദ്, സി.കെ.വി.യൂസഫ് തുടങ്ങിയവര്‍ സമിതി മുമ്പാകെ പരാതികള്‍ സമര്‍പ്പിച്ചു.