Breaking News

610 കിലോഗ്രാം ഭാരമുള്ള യുവാവിനെ ക്രെയിന്‍ ഉപയോഗിച്ച് ആശുപത്രിയിലാക്കി

റിയാദ്: അമിതവണ്ണം മൂലം രണ്ട് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിച്ചിരുന്ന  സൗദി പൗരനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. 610 കിലോഗ്രാം ഭാരമുള്ള ഖാലിദ് മൊഹ്‌സിന്‍ ഷൈരി എന്ന യുവാവിനെയാണ് അമിതവണ്ണം കുറയ്ക്കാനായി ആശുപത്രിയിലേക്ക് മാറ്റിയത്. സൗദിയിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ ജിസാന്‍ നിവാസിയായ ഖാലിദിനെ റിയാദിലുള്ള ആശുപത്രിയിലേക്ക് പ്രത്യേക വിമാനം വഴിയാണ് കൊണ്ടുപോയത്.

സൗദി രാജാവ് അബ്ദുല്ലയുടെ പ്രത്യേക നിര്‍ദേശപ്രകാരം ആരോഗ്യ 
മന്ത്രാലയത്തിലെ അധികൃതരാണ് യുവാവിനു വേണ്ടി തയ്യാറാക്കിയ കിടക്കയില്‍ ഖാലിദിനെ കിടത്തി ക്രെയിന്‍ ഉപയോഗിച്ച് വിമാനത്തില്‍ കയറ്റിയത്. വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ സ്‌റ്റേറ്റ് ന്യൂസ് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ നിര്‍മിച്ചതാണ് കിടക്ക. ഖാലിദിന്റെ  ചികിത്സാ ചെലവ് മുഴുവന്‍ സൗദി രാജാവ് വഹിക്കും.
വിമാനത്തില്‍ നിന്നും ഭാരംവഹിക്കുന്ന വലിയ വാഹനത്തിലാണ് ഖാലിദിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഖാലിന്റെ വയസോ അമിത വണ്ണം കുറയ്ക്കാന്‍ സ്വീകരിച്ചിരിക്കുന്ന ചികിത്സാ രീതിയോ വെളിപ്പെടുത്താന്‍ സൗദി ആരോഗ്യമന്ത്രാലയം തയ്യാറായിട്ടില്ല. അമിതവണ്ണം കാരണം ജോലി ചെയ്യാനോ നടക്കാനോ ഇരിക്കാനോ വയ്യാതെ വിഷമിച്ചിരുന്ന ഖാലിദിന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിയാനിടയായ സൗദി രാജാവ് ഒടുവില്‍ യുവാവിന്റെ ചികിത്സ ഏറ്റെടുക്കുകയായിരുന്നു.