Breaking News

തീനാളം കണ്ട് ഞെട്ടി; കണ്മുന്നില്‍ കണ്ടത് വിശ്വസിക്കാനാവാതെ നാട്ടുകാര്‍ ...

ചെറുപുഴ: ഒരു പൊട്ടിത്തെറിയും മുകളിലേക്ക് ആളിപ്പടര്‍ന്ന തീനാളവും. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പെരുന്തടത്തെ വീട്ടിലുണ്ടായത് എന്താണെന്ന് ആര്‍ക്കും ഇതുവരെ മനസ്സിലായിട്ടില്ല. ഉള്‍കൊള്ളാനും. തീനാളം ആദ്യം കണ്ടത് അയല്‍വാസിയായ സന്തോഷാണ്. അദ്ദേഹമാണ് നാട്ടുകാരെ വിളിച്ചുണര്‍ത്തിയതും തീയണയ്ക്കാന്‍ ശ്രമിച്ചതും. പക്ഷേ, ഇതിനകം വീട്ടിനുള്ളില്‍ നാലുപേര്‍ മരണത്തിലേക്ക് വഴുതിവീണുകഴിഞ്ഞിരുന്നു. 

സന്തോഷ് വിളിച്ചുകൂവിയപ്പോഴാണ് അടുത്തുള്ളവരും ഓടിയെത്തിയത്. കൈയില്‍കിട്ടുന്ന പാത്രത്തില്‍ വെള്ളം കോരിയൊഴിച്ചു. ഇതിനിടയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ഓടിക്കൂടിയവര്‍ ഫോണിലൂടെ വിവരമറിയിച്ചതോടെ പെരുന്തടത്തെ സജിയുടെ വീട്ടിനുമുമ്പില്‍ ആളുകള്‍ നിറഞ്ഞു. സജിയും കുടുംബവും രക്ഷപ്പെട്ടിട്ടുണ്ടാവുമെന്ന് ഓടിക്കൂടിയവര്‍ പറയുന്നുണ്ടായിരുന്നു. ഇതോടെ ചിലര്‍ അടുത്തവീട്ടിലും പരിസരത്തുമൊക്കെ തിരച്ചില്‍ നടത്തി. ഒടുവില്‍ കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ നാലു മൃതദേഹങ്ങള്‍ കണ്ടതോടെ നാട്ടുകാര്‍ക്കാര്‍ക്കും താങ്ങാനായില്ല.

ചെത്തുതൊഴിലാളിയായിരുന്ന സജി ഭാര്യ സിന്ധുവിന്റെ അമ്മ അടിച്ചിറക്കല്‍ ശാന്തയുടെ വീട്ടിലാണ് താമസിച്ചിരുന്നതത്. ഏതു ജോലിയും ചെയ്തിരുന്ന സജി യന്ത്രം ഉപയോഗിച്ച് മരംമുറിച്ച് ദിവസം 1000-1500 രൂപ സമ്പാദിക്കുമായിരുന്നു. സ്വാശ്രയസംഘത്തില്‍ നിന്നെടുത്ത കടമല്ലാതെ വലിയ കടബാധ്യതകള്‍ ഇല്ലാത്ത കുടുംബത്തിന് സംഭവിച്ച ദുരന്തത്തിന്റെ കാരണമറിയാതെ നാട്ടുകാരും പോലീസും കുഴങ്ങി.

സംഭവദിവസം സന്തോഷവാനായി കാണപ്പെട്ട സജി സുഹൃത്തുക്കള്‍ക്കുപോലും ഒരു സൂചനയും നല്കിയിരുന്നില്ല. രാത്രി എട്ടുമണിയോടെ സിന്ധു മകള്‍ അതുല്യയുടെ ഹോം വര്‍ക്കിന്റെ കാര്യം സഹപാഠിയുടെ വീട്ടില്‍ വിളിച്ച് അന്വേഷിച്ചിരുന്നു. ശാന്തസ്വഭാവമുള്ള സിന്ധുവും മക്കളും ആത്മഹത്യക്ക് തയ്യാറാകില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അത്താഴംകഴിച്ച നാലു പ്ലേറ്റുകള്‍ അടുക്കളയില്‍ കഴുകാത്തനിലയില്‍ ഉണ്ടായിരുന്നു.

സിന്ധുവും മക്കളും നേരത്തേ ആഹാരം കഴിച്ചതായും സജി താമസിച്ച് ആഹാരം കഴിച്ചതായും പോസ്റ്റുമോര്‍ട്ടത്തില്‍ സൂചനയുള്ളതും മക്കളുടെ ശ്വാസകോശത്തില്‍ മണ്ണെണ്ണ ശ്വസിച്ചത് കാണപ്പെട്ടതും ജീവനോടെ കത്തിയമര്‍ന്നതിന്റെ തെളിവുകളാണ്. 11 ലിറ്ററോളം മണ്ണെണ്ണ ഉപയോഗിച്ചതാണ് തീ ആളിപ്പടരാന്‍ കാരണം. മദ്യപിക്കുന്ന സ്വഭാവമുള്ള സജി പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവക്കാരനാണ്. ചെറുപുഴ ജെ.എം.യു.പി. സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആതിര. പ്രാപ്പൊയില്‍ ശാന്തിനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അതുല്യ സജി.

വീട്ടില്‍ത്തന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് പാറോത്തുംനീരിലെ ഹൈന്ദവശ്മശാനത്തില്‍ സംസ്‌കരിച്ചത്. നിറകണ്ണുകളോടെയാണ് നാട്ടുകാര്‍ യാത്രാമൊഴി നല്കിയത്. പയ്യന്നൂര്‍ എം.എല്‍.എ. സി.കൃഷ്ണന്‍, ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.