Breaking News

ഇന്നേയിടം കാലുവെച്ചിറങ്ങട്ടെ ഞാന്‍

 'ഇന്നേയിടം കാലുവെച്ചിറങ്ങട്ടെ ഞാന്‍' എന്നെഴുതിയ കവി എങ്ങനെയാണ് പടിയിറങ്ങുന്നതെന്ന് കാണാന്‍ ക്യാമറകള്‍ കടിപിടികൂടുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ണടയ്ക്കുന്ന അഞ്ചുമണിനേരം കഴിഞ്ഞ് ഇരുപതു നിമിഷങ്ങളായപ്പോള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് കണക്കെഴുത്തുകാരന്റെ ജീവിതം അവസാനിപ്പിച്ച് കവി മാത്രമായി കാറില്‍ കയറി യാത്രയായി. പിന്‍വിളി വിളിക്കാതെ, മിഴിനാരുകൊണ്ട് കഴലുകെട്ടാതെ സഹപ്രവര്‍ത്തകര്‍ കൈവീശി. 26വര്‍ഷങ്ങളുടെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ചുള്ളിക്കാട് വിടപറയുമ്പോള്‍ യാത്രാമൊഴിയേകാന്‍ പതിവില്ലാത്ത വിധം നിറഞ്ഞിരുന്നു കളക്ടറേറ്റിലെ സദസ്സ്.

ഓര്‍മകളാണ് അവിടെ പോക്കുവെയിലായി പരന്നത്. ചിരിയും കണ്ണീരും കവിതയും നിറഞ്ഞ വൈകുന്നേരത്തില്‍ കവിയും വല്ലാതെ വികാരാധീനനായ പോലെ. സഹപ്രവര്‍ത്തകരുടെ അസാന്നിധ്യം പകരുന്ന വേദനയില്‍ ആത്മാവിന്റെ വാക്കുകള്‍ ഉപയോഗിച്ചാണ് ചുള്ളിക്കാട് സംസാരിച്ചത്. 'നമ്മള്‍ മരിച്ചുപോകും. സ്‌നേഹം ജീവിക്കുമ്പോള്‍ ആരുമരിക്കുന്നു..സ്‌നേഹം മരിക്കുമ്പോള്‍ ആര് ജീവിക്കുന്നു...'കവിയിലപ്പോള്‍ കണ്ണീരു പൊടിഞ്ഞോ?

ബാലചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും വിവാഹത്തിന് ഒന്നാം സാക്ഷിയായി ഒപ്പിട്ട പ്രൊഫ.സി.ആര്‍. ഓമനക്കുട്ടനും മഹാരാജാസിലെ സഹപാഠി എം.വി.ബെന്നിയും ട്രഷറിയില്‍ സൗഹൃദം പങ്കിട്ട ശ്രീമൂലനഗരം മോഹനനും ഉള്‍പ്പെടെ ആശംസാ പ്രാസംഗികരുടെ നീണ്ട നിരയ്ക്കുശേഷമായിരുന്നു ചുള്ളിക്കാടിന്റെ വിടവാങ്ങല്‍ വാക്കുകള്‍. 'എന്റെ മാതാപിതാക്കളും കുടുംബവും നാട്ടുകാരും തരാത്ത പരിഗണനയും സ്‌നേഹവുമാണ് 26വര്‍ഷം ജോലി ചെയ്തസ്ഥലത്തുനിന്ന് എനിക്ക് കിട്ടിയത്. മനസ്സുവിഷമിപ്പിക്കുന്ന ഒരു നിമിഷം ഇവിടെയുണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്നേ രാജിവച്ചേനെ. പതിനേഴാം വയസ്സില്‍ പേപ്പട്ടിയെപ്പോലെ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ആട്ടിയിറക്കപ്പെട്ട ഞാന്‍ ഭിക്ഷാടനം ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തു. അതുകൊണ്ട് രാജിയെ എനിക്ക് പേടിയൊന്നുമില്ലായിരുന്നു. പക്ഷേ ഇവിടം എനിക്ക് അഭയമായിരുന്നു, മേല്‍വിലാസമായിരുന്നു, സ്വാതന്ത്ര്യമായിരുന്നു. സ്‌നേഹവും സംരക്ഷണവുമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ജീവിച്ചത്. അല്ലാതെ ശമ്പളം കൊണ്ടല്ല'-കവിതചൊല്ലിയിരുന്ന വൈകാരികതയോടെ ചുള്ളിക്കാട് പറഞ്ഞു. 

'എനിക്കിവിടെ നിന്ന് കിട്ടിയ ശമ്പളം ഏതെങ്കിലും മദ്യശാലയില്‍ ചെലവായിപ്പോയിരുന്നിരിക്കാം.. അതെന്റെ വീട്ടുകാര്‍ക്കുമറിയാ'മെന്ന് പഴയകാലത്തിന്റെ ലഹരിയില്‍ ബാലചന്ദ്രന്‍ പറയുമ്പോള്‍ കേട്ടിരിക്കാന്‍ വേദിയില്‍ വിജയലക്ഷ്മിയുമുണ്ടായിരുന്നു. 'ഇവിടത്തെ വൈകാരികമായ സുരക്ഷയും ആദരവുമാണ് എന്നെ ജീവിപ്പിച്ചത്. 'നിങ്ങള്‍ ഈശ്വരവിശ്വാസിയാണെങ്കില്‍ എനിക്കുവേണ്ടി ചെയ്തത് ഈശ്വരനുവേണ്ടിയായിരുന്നു..നിങ്ങള്‍ നിരീശ്വരവാദിയാണെങ്കില്‍ എനിക്കുവേണ്ടി ചെയ്തത് മനുഷ്യരാശിക്കുവേണ്ടിയായിരുന്നു...'ഈ വാചകങ്ങളോടെയാണ് ചുള്ളിക്കാട് ഉദ്യോഗപര്‍വത്തിന് വിരാമമിട്ടത്. 1987 ഒക്ടോബര്‍ 28ന് ജൂനിയര്‍ അക്കൗണ്ടന്റായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ജൂനിയര്‍ സൂപ്രണ്ടായാണ് വിരമിച്ചത്.

ജില്ലാകളക്ടര്‍ പി.ഐ.ഷേക്ക് പരീത് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.