Breaking News

തളിപ്പറമ്പിലെ ആഡംബര കാര്‍ തകര്‍ത്ത്‌ കവര്‍ച്ച; കുപ്രസിദ്ധ മോഷ്‌ടാവ്‌ പിടിയില്‍

അബുദാബിയിലെ വന്‍ വ്യവസായി ഏഴാംമൈലിലെ പുതിയാറമ്പതത്‌ ഉമ്മറിന്റെ കാര്‍ തകര്‍ത്ത്‌ പണവും ആഭരണവും വിലകൂടിയ മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്‌ടാവ്‌ അറസ്റ്റില്‍. കരിവെള്ളൂര്‍ പെരളം സ്വദേശിയും ഏറെക്കാലമായി വെള്ളിക്കീലില്‍ താമസക്കാരനുമായ കീരിയന്റകത്ത്‌ ഹൗസില്‍ ബാദുഷ (30)യെയാണ്‌ എസ്‌.ഐ: അനില്‍കുമാര്‍ അറസ്റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ 12ന്‌ പുലര്‍ച്ചെയായിരുന്നു ഏഴാംമൈല്‍ പള്ളി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍. 8 എ എസ്‌. 8055 ബി.എം. ഡബ്ല്യൂ കാര്‍ തകര്‍ത്ത്‌ കവര്‍ച്ച നടത്തിയത്‌. ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തെ ഗ്ലാസ്‌ തകര്‍ത്ത്‌ ഡ്രൈവറുടെ ബോക്‌സിന്റെ അറയില്‍ സൂക്ഷിച്ചിരുന്ന 65,000 രൂപയും 45,000 രൂപ വിലമതിക്കുന്ന സാംസങ്ങ്‌ മൊബൈല്‍ ഫോണും കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന മുക്കാല്‍ പവന്റെ സ്വര്‍ണ്ണ ജിമിക്കിയുമായിരുന്നു കവര്‍ച്ച ചെയ്‌തത്‌. കുപ്രസിദ്ധ കവര്‍ച്ചക്കാരായ തൊരപ്പന്‍ സന്തോഷ്‌, സൂരജ്‌, ഷാജി എന്നിവര്‍ അടങ്ങിയ സംഘത്തിലെ കണ്ണിയായിരുന്നു ബാദുഷ. 19 ഓളം കവര്‍ച്ചാക്കേസില്‍ പ്രതിയായ ബാദുഷയെ അഞ്ചു വര്‍ഷം മുമ്പ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. മൂന്നര വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയ ബാദുഷ വെള്ളിക്കീലില്‍ വീടെടുത്ത്‌ താമസമാക്കുകയായിരുന്നു. അതിനിടയില്‍ കുഞ്ഞിമംഗലം മല്ലിയോട്ട്‌ ക്ഷേത്രത്തിടുത്ത മുള്ളിയോട്ട്‌ വിവാഹം കഴിച്ച്‌ അവിടെ താമസിച്ചുവരികയായിരുന്ന ബാദുഷ പഴയങ്ങാടിയില്‍ ഓട്ടോറിക്ഷാ ഡ്രൈവറായും സ്ഥലം ബ്രോക്കറായും ജോലി ചെയ്‌തു. കുപ്പത്തെ സ്ഥലം ബ്രോക്കറായ മൊയ്‌തുവിന്റെ സുഹൃത്താണ്‌ ബാദുഷ. കവര്‍ച്ച നടന്നതിന്‌ തലേദിവസം മൊയ്‌തുവും ബാദുഷയും ഉമ്മറിനെ കാണാന്‍ എത്തിയിരുന്നു. കച്ചവടമൊന്നും നടക്കുന്നില്ലെന്നും ദാരിദ്ര്യത്തിലാണെന്നും പറഞ്ഞതിനെ തുടര്‍ന്ന്‌ സക്കാത്ത്‌ നല്‍കാന്‍ വച്ച തുകയില്‍ നിന്ന്‌ 1000 രൂപ ഇവര്‍ക്ക്‌ നല്‍കിയിരുന്നു. ബാക്കി 65,000 രൂപ കാറില്‍ തന്നെ തിരിച്ചുവെക്കുന്നത്‌ ബാദുഷ ശ്രദ്ധിച്ചിരുന്നു. 12ന്‌ പുലര്‍ച്ചെ എത്തി കാര്‍ തകര്‍ത്ത്‌ കവര്‍ച്ച നടത്തുകയായിരുന്നു. സംഭവം നടന്ന ദിനം തന്നെ മൊയ്‌തുവിനെ പോലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ മൊയ്‌തുവിന്‌ സംഭവവുമായി ബന്ധമില്ലെന്ന്‌ തെളിഞ്ഞതിനെ തുടര്‍ന്ന്‌ വിട്ടയക്കുകയായിരുന്നു. മൊയ്‌തുവിനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ ഉടന്‍ ബാദുഷ മുങ്ങിയിരുന്നു. അന്നു മുതല്‍ ബാദുഷ പോലീസ്‌ നിരീക്ഷണത്തിലായിരുന്നു. വെള്ളിക്കീലിലെയും കുഞ്ഞിമംഗലത്തെയും വീടുകളില്‍ പോലീസ്‌ പരിശോധന നടത്തിയിരുന്നു. ഇന്നലെ രാത്രി കുഞ്ഞിമംഗലത്തെ വീട്ടില്‍ ബാദുഷ എത്തിയ വിവരം അറിഞ്ഞ്‌ എസ്‌.ഐയുടെ നേതൃത്വത്തില്‍ വീട്‌ വളഞ്ഞ്‌ പിടികൂടുകയായിരുന്നു. കവര്‍ച്ച ചെയ്‌ത മൊബൈല്‍ ഫോണ്‍ കാസര്‍ക്കോട്ടെ ഒരു കടയിലായിരുന്നു വിറ്റത്‌. അവിടെ നിന്ന്‌ പോലീസ്‌ അത്‌ കണ്ടെടുത്തിട്ടുണ്ട്‌.