Breaking News

കോറളായി തുരുത്ത് ഇനി എത്രനാള്‍ ???


മയ്യില്‍ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ചെറുദ്വീപായ കോറളായി തുരുത്ത് ഇനി എത്രനാള്‍ കൂടിയുണ്ടാകും? അനധികൃത മണലൂറ്റും മണ്ണിടിച്ചിലും ഈ സുന്ദരഭൂമിയെ പുഴയോടു ചേര്‍ക്കുകയാണ്. 

രാപകല്‍ ഭേദമന്യേയുള്ള മണലൂറ്റ് കോറളായിയെ കരളുകയാണ്. വര്‍ഷംതോറും ഏക്കറുകള്‍ പുഴയെടുക്കുന്നു.  രേഖകളില്‍ 275 ഏക്കറുള്ള തുരുത്ത് 10 വര്‍ഷം മുന്‍പേ നടന്ന റീസര്‍വേയില്‍ 210 ആയി ചുരുങ്ങിയതായി കണക്കുകള്‍ പറയുന്നു. തുടര്‍ന്ന്  ഓരോ വര്‍ഷവും കരയിടിച്ചില്‍ അതിരൂക്ഷമാണ്. 15 ഏക്കറിലേറെയുണ്ടായിരുന്ന പുറമ്പോക്കുഭൂമി അഞ്ചു വര്‍ഷം മുന്‍പ് അഞ്ച് ഏക്കറായി ചുരുങ്ങി. ഇത്തവണത്തെ കനത്ത മഴയില്‍ ശക്തമായ കുത്തൊഴുക്കില്‍ ആ ഭൂമിയും പുഴ കവര്‍ന്നു. തുടര്‍ന്ന് സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളും പുഴയെടുക്കുമെന്ന നിലയിലാണ്.


റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ചു തങ്ങളുടെ വീടിനും സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.  ഭിത്തികെട്ടി സംരക്ഷിക്കുകയാണെങ്കില്‍ കര ഇടിയുന്നത് പരമാവധി തടയാനാകുമെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍ക്കാരിനു കീഴിലുണ്ടായിരുന്ന പുറമ്പോക്കു ഭൂമി പോലും സംരക്ഷിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ തങ്ങള്‍ക്കു സംരക്ഷണം നല്‍കുമെന്നു നാട്ടുകാര്‍ ചോദിക്കുന്നു.


ചെങ്ങളായി, കുറുമാത്തൂര്‍ പഞ്ചായത്തുകള്‍ അതിക്രമിച്ചുകടന്ന് മണല്‍വാരുന്നതും കോറളായി തുരുത്തിനു സമീപമാണത്രെ. പരാതി നല്‍കിയാലും നടപടി ഉണ്ടാകാറില്ലെന്നും നാട്ടുകാര്‍ 

ആരോപിക്കുന്നു. തോട്ട പൊട്ടിച്ചുള്ള അശാസ്ത്രീയമായ മീന്‍പിടിത്തവും തുരുത്തിനു ഭീഷണിയാണ്.   കഴിഞ്ഞ വര്‍ഷം മയ്യില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുറമ്പോക്കുസ്ഥലത്ത് കരിങ്കല്ലുകള്‍ ഇട്ടിരുന്നു.

അശാസ്ത്രീയമായ കല്ലിടല്‍ ഗുണത്തേക്കാളേറെ ദോഷമാണു ചെയ്തത്. ശക്തമായ നീരൊഴുക്കില്‍ കരിങ്കല്ലുകള്‍ അടക്കം വലിയൊരു ഭാഗം പുഴയിലേക്കു പോയതായി കോറളായിലെ സാമൂഹികപ്രവര്‍ത്തകനായ ടി.വി.അസൈനാര്‍ പറഞ്ഞു. 

ഇവിടുത്തെ താമസക്കാരില്‍ 80 ശതമാനത്തോളം പേരും കൂലിവേല ചെയ്തു ജീവിക്കുന്ന പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. സ്വന്തം അധ്വാനംകൊണ്ടു മാത്രം നിര്‍മിച്ച വീട് പുഴയെടുക്കുമോ എന്നു ഭീതിയോടെ ചോദിക്കുകയാണിവര്‍. ഭയാശങ്കകള്‍ ആളിപ്പടരുമ്പോഴും ഓരോ നിമിഷവും പുഴ കരയെ കാര്‍ന്നുതിന്നുകയാണ്.   പുഴയിലെ മണലൂറ്റി വില്‍ക്കുന്നവര്‍ കരയുടെ സംരക്ഷണവും ഏറ്റെടുക്കുവാന്‍ തയാറാകണമെന്നാണ് കോറളായി തുരുത്തിലുള്ളവരുടെ വാദം. വാദപ്രതിവാദം തുടരുന്നതിനിടെയും കോറളായി ഓരോ നിമിഷവും പുഴയില്‍ ലയിച്ചുകൊണ്ടിരിക്കുകയാണ്...