Breaking News

ടെലിവിഷനിലേക്ക് യൂട്യൂബ് എത്തിക്കാന്‍ ഗൂഗിളിന്റെ 'ക്രോംകാസ്റ്റ്'

ടെലിവിഷനിലേക്ക് ഇന്റര്‍നെറ്റും വീഡിയോ സ്ട്രീമിങുമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 'ക്രോംകാസ്റ്റ്' ( Chromecast ) എന്ന ചെറുഉപകരണം ഗൂഗിള്‍ അവതരിപ്പിച്ചു. രണ്ടിഞ്ച് മാത്രം വലിപ്പവും 35 ഡോളര്‍ (2000 രൂപ) വിലയുമുള്ള ഒരു ടിവി ഡോംഗിളാണ് ക്രോംകാസ്റ്റ്.

ടെലിവിഷന്റെ പിന്‍ഭാഗത്ത് ഇത് ഘടിപ്പിച്ച് സ്മാര്‍ട്ട്‌ഫോണിന്റെ സഹായത്തോടെ യൂട്യൂബ് ( YouTube ), നെറ്റ്ഫ്ലാക്‌സ് ( Netflix ) വീഡിയോകള്‍ ടീവിയില്‍ ആസ്വദിക്കാം.

ഇന്റര്‍നെറ്റിലെ ഉള്ളടക്കം ടെലിവിഷനില്‍ ലഭ്യാക്കാനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ആ ശ്രമങ്ങളുടെ ഭാഗമാണിത്. ഫ്ലാറ്റ് പാനല്‍ ടിവികളിലെ എച്ച്ഡിഎംഐ പോര്‍ട്ടില്‍ ക്രോംകാസ്റ്റ് അനായാസം ഘടിപ്പിക്കാം.

ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിച്ച ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ചെത്തിയൊതുക്കിയ വകഭേദമാണ് ക്രോംകാസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

അമേരിക്കയിലും മറ്റും നിലവില്‍ ടിവിയിലേക്ക് ഇന്റര്‍നെറ്റ് സ്ട്രീമിങ് നടത്താനുപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ ഉപകരണങ്ങള്‍ ആപ്പിളിന്റെയും റോക്കു ( Roku ) വിന്റെയും ആണ്. ആപ്പിള്‍ ടിവി ബോക്‌സിന് 99 ഡോളറാണ് വില. ഹൈഡെഫിനിഷന്‍ വീഡിയോ കാട്ടാന്‍ ശേഷിയുള്ള റോക്കു ബോക്‌സിന് 80 ഡോളറും. അതുവെച്ചു നോക്കുമ്പോള്‍ ഗൂഗിളിന്റെ ടിവി സ്ട്രീമിങ് ഉപകരണത്തിന് വില വളരെ കുറവാണ്.

സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലറ്റുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ക്രോംകാസ്റ്റിന് പ്രവര്‍ത്തിക്കാന്‍ കഴിയും. അതേസമയം ആപ്പിളിന്റെയും റോക്കുവിന്റെയും സ്ട്രീമിങ് ബോക്‌സുകള്‍ വഴി ഇന്റര്‍നെറ്റ് ഉള്ളടക്കം നിയന്ത്രിക്കാന്‍ പ്രത്യേക റിമോട്ട് കണ്‍ട്രോള്‍ കൂടിയേ തീരൂ.