Breaking News

മഹത്തായ ഒരു വീണ്ടെടുപ്പിന്റെ കഥ

ജലത്തിന്റെ വിലയറിയാത്ത ഒരു പറ്റം നരാധമര്‍ കൊല്ലാന്‍ ശ്രമിച്ച ഒരു പുഴ. അതിന് കുട്ടംപേരൂര്‍ ആറ് എന്നു പേര്. അതിനെ ജീവജലം കൊടുത്ത് വീണ്ടെടുത്ത ആയിരത്തിലേറെ ആളുകള്‍... അവര്‍ക്ക് മനുഷ്യര്‍ എന്നു പേര്. വെറുമൊരു പ്രാദേശികവാര്‍ത്തയില്‍ ഒതുങ്ങേണ്ടതല്ല ഈ ആര്‍ദ്രത

പുണ്യനദിയായ ഗംഗയെ അതിപ്രയത്‌നംചെയ്ത് ഭൂമിയിലെത്തിച്ച ഭഗീരഥനെക്കുറിച്ച് കേട്ടിട്ടുള്ളവര്‍ക്കായി ഇതാ, അദ്ദേഹത്തെക്കാള്‍ 'ഭഗീരഥപ്രയത്‌നം'ചെയ്ത ഒരു കൂട്ടം നല്ലമനുഷ്യരുടെ കഥ. ഗംഗയോളം പുണ്യംചെയ്ത കുട്ടംപേരൂര്‍ ആറിന്റെ കഥ.

ത്രേതായുഗത്തില്‍ വസിഷ്ഠഗോത്രത്തില്‍പ്പെട്ട ക്രോഷ്ഠമുനിയില്‍നിന്ന് ക്രോഷ്ഠംപേരൂര്‍ ഉണ്ടായി എന്നും ലോപിച്ച് കുട്ടംപേരൂര്‍ ആയി എന്നുമാണ് ഈ ദേശത്തിന്റെ സ്ഥലനാമചരിത്രം. ആറിന്റെ പടിഞ്ഞാറെക്കര ശൈവഗ്രാമമായിരുന്നു എന്ന വാദത്തിന് അവിടെയുള്ള എണ്ണമറ്റ മഹാദേവക്ഷേത്രങ്ങളും കിഴക്കേക്കര വൈഷ്ണവ ഗ്രാമമായിരുന്നു എന്നതിന് നിരവധിയായ വിഷ്ണുക്ഷേത്രങ്ങളും തെളിവ്.

കുട്ടംപേരൂര്‍ ആറ് ഒരു 'ബാലന്‍സിങ് റിവര്‍' ആണ്. തെക്ക് ഉളുന്തി ഗ്രാമത്തിലെ തറയില്‍ക്കടവില്‍ നിന്ന് അച്ചന്‍കോവിലാറിന്റെ കൈവഴിയായി 12 കിലോമീറ്റര്‍ സഞ്ചരിച്ച് ഇല്ലിമല മുയപ്പിലെത്തി രണ്ടായിപ്പിരിഞ്ഞ് പമ്പയുമായി അവള്‍ സംഗമിക്കുന്നു. പമ്പ ജലസമൃദ്ധമാകുമ്പോള്‍ കുട്ടംപേരൂര്‍ ആറ് തെക്കോട്ടും മറിച്ച് അച്ചന്‍കോവില്‍ നിറഞ്ഞൊഴുകുമ്പോള്‍ വടക്കോട്ടും ഒഴുകുന്നതുകൊണ്ട് പഴമക്കാര്‍ ഇവളെ 'മറിഞ്ഞും തിരിഞ്ഞും വെട്ടുന്ന ഇരുതലമൂര്‍ച്ചയുള്ള കായംകുളം വാളി' നോടും ഉപമിക്കാറുണ്ട്. പഴയ റവന്യൂരേഖകളില്‍ 70 മുതല്‍ 110 മീറ്റര്‍ വിസ്തൃതിയുണ്ടായിരുന്ന ഈ പുഴ ഇന്നിപ്പോള്‍ ഒരു തോടുപോലെയേയുള്ളൂ. പലയിടത്തും നാലുമീറ്റര്‍മുതല്‍ ആറുമീറ്റര്‍വരെമാത്രം വീതി.

മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തമ്പുരാട്ടിമാരുടെ യാത്രയ്ക്കും എണ്ണയ്ക്കാട് കൊട്ടാരത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി തടിയുരുപ്പടികള്‍ കൊണ്ടുവരുന്നതിനും മണ്ണുംമുക്കത്തുകടവ് മുതല്‍ എണ്ണയ്ക്കാട് പാപ്പാടിക്കടവ്‌വരെ നദിയുടെ ദിശ വെട്ടിമാറ്റി. മലഞ്ചരക്ക് കൊണ്ടുവരാന്‍ കോഴഞ്ചേരിക്കും കൊപ്രയുമായി ആലപ്പുഴയിലേക്കും തുണിയും പലവ്യഞ്ജനങ്ങളും തൊണ്ടുമായി കൊല്ലം കുപ്പണയിലേക്കും തുഴഞ്ഞിരുന്ന കേവുവള്ളങ്ങളും അതിലിരുന്ന് തോണിക്കാര്‍ പാടിയിരുന്ന പാട്ടുകളും ഓര്‍മയില്‍പ്പോലുമില്ലാതായി. പമ്പാറിവര്‍ ഫാക്ടറിക്കും പന്തളം ഷുഗര്‍മില്ലിനുംവേണ്ടി ചെത്തിയൊരുക്കിയ കരിമ്പുമായി നൂറുകണക്കിന് വള്ളങ്ങള്‍ നിരനിരയായി പോയിരുന്ന കാഴ്ച അസ്തമിച്ചിട്ട് ഏതാനും ദശകങ്ങളേ ആയിട്ടുള്ളൂ.

ഒരിക്കല്‍ ജലസമൃദ്ധമായിരുന്ന, 2500 ഏക്കര്‍ നെല്‍പ്പാടങ്ങള്‍ക്ക് ജീവജലം നല്‍കിയിരുന്ന ഈ ആറ് ജലസസ്യങ്ങളും പാഴ്‌ച്ചെടികളും നിറഞ്ഞ നീര്‍ച്ചാലായി മാറിയത് അക്ഷരാര്‍ഥത്തില്‍ ഒരു കദനകഥയാണ്. ആറിനുകുറുകെ അശാസ്ത്രീയമായി നിര്‍മിക്കപ്പെട്ട അനേകം പാലങ്ങള്‍, ആറിന്റെ ഇരുകരകളിലും നടന്ന കൈയേറ്റങ്ങള്‍, കൃഷി'യിറക്ക'ങ്ങള്‍... അങ്ങനെ നിരവധി കാരണങ്ങള്‍ ഈ ദുഃഖകഥയ്ക്ക് അകമ്പടിയായി.

ആറന്മുള ഉത്രട്ടാതി ജലമേളയില്‍ പങ്കെടുക്കാന്‍ ഏറ്റവും അകലെനിന്നെത്തുന്ന ചെന്നിത്തല പള്ളിയോടത്തിന് ദുഷ്‌കരമായ കുട്ടംപേരൂര്‍ ആറ് പിന്നിട്ടുവേണം യാത്ര തുടരാന്‍. ജലപാതയൊരുക്കാന്‍ സംസ്ഥാന ജലവിഭവവകുപ്പ് 2.7 ലക്ഷം രൂപ അനുവദിക്കാറുണ്ടെങ്കിലും കഴിഞ്ഞവര്‍ഷവും പായലില്‍ക്കുരുങ്ങി യാത്രതുടരാന്‍ കഴിയാതെ വള്ളത്തിന് ഫയര്‍ഫോഴ്‌സിന്റെ സഹായംതേടേണ്ടിവന്നു. മുമ്പ്, പള്ളിയോടത്തിന് താംബൂലം കാണിക്ക സമര്‍പ്പിക്കാന്‍ ആറ് മുറിച്ചുനീന്തിയ യുവാവ് ജലസസ്യങ്ങളില്‍ കാല്‍കുരുങ്ങി മുങ്ങിമരിച്ച സംഭവമാണ് ഇക്കഥയിലെ നടുക്കുന്ന സന്ദര്‍ഭം.

രണ്ട് ദശാബ്ദത്തിനുമുമ്പ് ബുധനൂര്‍ ഗ്രാമപ്പഞ്ചായത്തുതന്നെ ആറ്റില്‍നിന്ന് മണലെടുപ്പ് അനുവദിച്ചിരുന്നു. ആഴം വര്‍ധിച്ചപ്പോള്‍ ഒഴുക്ക് കുറഞ്ഞു. ഒഴുക്ക് കുറഞ്ഞപ്പോള്‍ എക്കല്‍ അടിഞ്ഞു. ആ എക്കലില്‍ ജലസസ്യങ്ങള്‍ വളര്‍ന്നുപൊങ്ങി. കൂട്ടത്തില്‍ കക്കൂസ്മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ടാങ്കര്‍ലോറികള്‍ക്ക് ഒരു സുരക്ഷിത താവളവുമായി. പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും വലിയ അളവില്‍ നിക്ഷേപിച്ച് നദീചൈതന്യത്തെ മനുഷ്യന്‍ കൊന്നുകളഞ്ഞു!


നദീതീരങ്ങളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ചീഫ്ജസ്റ്റിസ് ബി.എന്‍. കൃഷ്ണ 2001 ഒക്ടോബര്‍ 11-ന് വിധിച്ചു. നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ നദീസംരക്ഷണത്തിന് ഒട്ടനവധി സെമിനാറുകള്‍ നടന്നു. ചെങ്ങന്നൂര്‍ സബ്കളക്ടര്‍ക്ക് മുതല്‍ മുഖ്യമന്ത്രിക്കുവരെ പലകുറി നിവേദനങ്ങള്‍ നല്‍കി. പത്ത്‌വര്‍ഷങ്ങള്‍ക്കുശേഷം കൈയേറ്റങ്ങള്‍ അളന്നുതിട്ടപ്പെടുത്താന്‍ ചെങ്ങന്നൂര്‍ സബ് കളക്ടര്‍ അഞ്ച് സര്‍വേ ജീവനക്കാരെ നിയമിച്ചു. പക്ഷേ, കൈയേറ്റമാഫിയയുടെ ഭീഷണിക്ക് വഴങ്ങി സര്‍വേ നടപടികളുടെ ഒഴുക്കും പാതിവഴിയില്‍ നിലച്ചു.

നദി ഒഴുകുന്ന ബുധനൂര്‍ പഞ്ചായത്തില്‍ ഒട്ടേറെ ഇഷ്ടികച്ചൂളകളുണ്ട്. ചൂളമുതലാളിമാര്‍ പാടങ്ങളില്‍ ചെളിയെടുത്തപ്പോള്‍ അടിയില്‍ മണലിന്റെ അക്ഷയമായ നിക്ഷേപംകണ്ട് അത്ഭുതപരതന്ത്രരായി. അതോടെ ഒട്ടേറെപ്പേര്‍ ലക്ഷപ്രഭുക്കളും കോടീശ്വരന്മാരുമായി. മണല്‍മാഫിയാസംഘങ്ങള്‍ ഇവിടെ തമ്പടിച്ചു. ഏതാനും വര്‍ഷംകൊണ്ട് പാടങ്ങള്‍ അഗാധ ഗര്‍ത്തങ്ങളായി. പാരിസ്ഥിതിക സന്തുലനം ആകെ തകര്‍ക്കപ്പെട്ടു. 

ഭരിക്കുന്നവര്‍ ഒന്നും ചെയ്തില്ലെങ്കിലും പിടഞ്ഞൊടുങ്ങാന്‍ തുടങ്ങുന്ന പുഴയെ രക്ഷിക്കാന്‍ ഒടുവില്‍ ഒരു കൂട്ടം ആളുകള്‍ പലയിടത്തുനിന്നായി ഒത്തുചേര്‍ന്നു. പിന്നെ നടന്നത് ഒരു ജനകീയമുന്നേറ്റമായിരുന്നു. ഒരുനാട് ഒന്നടങ്കം ഒരു പുഴയുടെ പുനര്‍ജനിക്കായി ഒന്നിച്ചു. ബുധനൂര്‍ പഞ്ചായത്തിലെ 14 വാര്‍ഡിലും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനകീയകൂട്ടായ്മയോടെ പുഴയ്ക്ക് ജീവശ്വാസംനല്‍കാനുള്ള ഭഗീരഥപ്രയത്‌നം അങ്ങനെ ആരംഭിച്ചു. 1200 തൊഴിലാളികള്‍ 45 ദിവസംകൊണ്ട് അഞ്ച് കിലോമീറ്റര്‍ പുഴയെ വെട്ടിത്തെളിച്ച് ജീവിതത്തിലേക്ക് തിരിച്ചെടുത്തു. ഇച്ഛാശക്തിയുടെയും അത്യധ്വാനത്തിന്റെയും രോമാഞ്ചജനകമായ കഥയാണത്. സ്ത്രീകളും പുരുഷന്മാരും കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി ജലസസ്യങ്ങള്‍ അറുത്തുമാറ്റി. മാലിന്യങ്ങള്‍ വടിച്ചുകോരി. തറയില്‍ക്കടവിലെ നദീമുഖത്ത് അടിഞ്ഞുകൂടിയ എക്കല്‍ത്തുരുത്ത് നീക്കംചെയ്തപ്പോള്‍ കുട്ടംപേരൂര്‍ ആറ്റിലേക്ക് വെള്ളം ഇരച്ചുകയറി.
ഇത്തരത്തില്‍ ഒരു പുഴയ്ക്ക് ജനകീയകൂട്ടായ്മയിലൂടെ പുനര്‍ജനി നല്‍കിയത് ലോകത്തിനുതന്നെ മാതൃകയാവുകയാണ്. ലോകപരിസ്ഥിതിദിനത്തില്‍ എറണാകുളം 'ലെ മെറിഡിയന്‍' ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണറും അവിടത്തെ പരിസ്ഥിതിമന്ത്രിയും ഈ പ്രയത്‌നത്തെ അങ്ങേയറ്റം അനുമോദിച്ചു. ആറിനെ ദത്തെടുക്കാമെന്നും പാലങ്ങള്‍ പൊളിച്ചുപണിയാന്‍ സഹായിക്കാമെന്നും അവര്‍ ഉറപ്പുനല്‍കി.

മരണാസന്നയായി കൈകാലിട്ടടിച്ച് സഹായത്തിനായി കേണ ഒരു നദിയുടെ രക്ഷയ്ക്ക് ഒരുകൂട്ടം നല്ല മനുഷ്യരുടെ ഇച്ഛാശക്തി കൂട്ടിനെത്തുകയായിരുന്നു. നാടും വീടും പുഴയും നശിക്കുന്നുവെന്ന് വിലപിച്ച് വീട്ടിലിരുന്ന് ഫേസ്ബുക്കുകളില്‍ മുഖംപൂഴ്ത്തുന്ന ആളുകള്‍ക്ക് ഈ വീണ്ടെടുപ്പുയത്‌നത്തിന്റെ കഥയില്‍നിന്ന് ഏറെ പഠിക്കാനുണ്ട്.