Breaking News

കാലം മാറിയിട്ടും കണക്കുകൂട്ടുംയന്ത്രം ഇപ്പോഴും കിറുകൃത്യം

കൊച്ചുപെട്ടിയുടെ വശത്തെ അക്കങ്ങള്‍ ഓരോന്നും അമര്‍ത്തിയ ശേഷം ലിവര്‍ വലിച്ച് കൈപ്പിടി തിരിച്ചാല്‍ ഇപ്പോഴും കണക്കുകൂട്ടല്‍ യന്ത്രം ശരിയുത്തരം തരും.

കാല്‍ക്കുലേറ്ററും കമ്പ്യൂട്ടറും അരങ്ങുകീഴടക്കിയതോടെ കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്കിന്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി ഓഫീസ് മുറിയില്‍ വച്ചിരിക്കുകയാണ് കാല്‍ക്കുലേറ്ററിന്റെ ഈ പൂര്‍വികനെ. പഴയ ടൈപ്പ്‌റൈറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്നവര്‍ ചുരുക്കം. 

1938-ലാണ് ബാങ്ക് സ്ഥാപിതമായത്. 1968-ല്‍, സ്വീഡന്‍ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന 'ഫാസിറ്റ് ഏഷ്യാ ലിമിറ്റഡ്' എന്ന കമ്പിനിയുടെ കണക്കുകൂട്ടല്‍യന്ത്രം ബാങ്കില്‍ വാങ്ങിവച്ചതായി പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളം, സെക്രട്ടറി ടോണി സെബാസ്റ്റ്യന്‍ എന്നിവര്‍ പറയുന്നു. വലിയ അക്കങ്ങളുള്ള സംഖ്യകള്‍ കൂട്ടിയെടുക്കാന്‍ പ്രയാസം നേരിട്ടപ്പോഴാണ് ഈ കണക്കുകൂട്ടല്‍യന്ത്രം ഉപയോഗിച്ചുതുടങ്ങിയത്.

അക്കങ്ങള്‍ കൈകൊണ്ട് അമര്‍ത്തി എന്റര്‍ ചെയ്ത ശേഷം വലത്തോട്ട് തിരിച്ചാല്‍ കൂട്ടലും ഇടത്തോട്ട് തിരിച്ചാല്‍ കുറയ്ക്കലുമാണ്. എന്റര്‍ ചെയ്ത അക്കങ്ങളില്‍ പിശകുണ്ടെങ്കില്‍ മായിച്ചുകളയാനും കീ ഉണ്ട്. യന്ത്രത്തിന് മുകളില്‍ സെ്കയിലിന്റെ വലിപ്പത്തില്‍ സ്‌ക്രീനില്‍ ഉത്തരം തെളിഞ്ഞുവരും.

കാല്‍ക്കുലേറ്ററിന്റെ പൂര്‍വികനായ യന്ത്രം പ്രദര്‍ശനത്തിനായി ഓഫീസ് മുറിയില്‍ വച്ചിരിക്കുകയാണ് അധികൃതര്‍.