കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ പദ്ധതി ഒരു മാസത്തിനകം
കുടുംബശ്രീ കേരളത്തിന്റെ അഭിമാനപ്രസ്ഥാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുടുംബശ്രീയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി നടപ്പാക്കുന്ന ലൈഫ് ഇന്‍ഷുറന്‍സിന്റെയും കുടുംബശ്രീ ട്രാവല്‍സ് പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ പല മാതൃകകളില്‍ ഏറ്റവും പുതിയതാണ് കുടുംബശ്രീ. മറ്റ് പല സംസ്ഥാനങ്ങളും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളും പുരോഗതിയും വളരെ അത്ഭുതത്തോടെയാണ് ഉറ്റുനോക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഒരു പ്രസ്ഥാനം എന്നതിലുപരി സമൂഹത്തിലെ ഗുണപരമായ പലമാറ്റങ്ങള്‍ക്കും ഇടപെടലുകള്‍ക്കും നേതൃത്വം കൊടുക്കുന്ന ഒരു ശക്തിയാണ്-മുഖ്യമന്ത്രി പറഞ്ഞു.
കുടുംബശ്രീക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും കൊടുക്കുന്നത് സമൂഹത്തിലെ ഏറ്റവും ഗുണപരമായിട്ടുള്ള മാറ്റങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം കൂടിയായിട്ടാണ്. കുടുംബശ്രീ മുഖേന അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ജീവിതനിലവാരം ഏങ്ങനെ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ നയവും കാഴ്ചപ്പാടും സര്‍ക്കാരിനുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
ഇതിലെ അംഗങ്ങള്‍ക്ക് ഒരുമാസത്തിനുള്ളില്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി ഡോ.എം.കെ മുനീര്‍ പറഞ്ഞു. കുടുംബശ്രീ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു. ഇപ്പോള്‍ നടപ്പിലാക്കിയ രണ്ടു പദ്ധതികളും ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീ ട്രാവല്‍സിന്റെ താക്കോല്‍ ദാനവും മന്ത്രി നിര്‍വഹിച്ചു.
എല്‍.ഐ.സിയുമായുള്ള ധാരണപത്രം എല്‍.ഐ.സി പി.ആന്‍ഡ്.ജി.എസ്. ചീഫ് സഞ്ജയ് വര്‍മ മന്ത്രിക്ക് കൈമാറി. കെ.മുരളീധരന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അന്‍സജിത റസ്സല്‍, ജില്ലാ കളക്ടര്‍ കെ.എന്‍ സതീഷ്, കുടുംബശ്രീ ഡയറക്ടര്‍ കെ.ബി. വത്സലകുമാരി, ജെയിംസ് വര്‍ഗീസ്, ഗീതാ ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ ട്രാവല്‍സിന്റെ ഫോണ്‍നമ്പര്‍: 0471-2772200.