Breaking News

നെല്‍സണ്‍ മണ്ടേല അന്തരിച്ചു


ആഫ്രിക്കന്‍ വിമോചന നായകനും ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റുമായ നെല്‍സണ്‍ മണ്ടേല അന്തരിച്ചു. 95 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്ന് മാസത്തോളമായി ചികിത്സയിലായിരുന്ന നെല്‍സല്‍ മണ്ഡേല ജോഹന്നാസ് ബര്‍ഗിലെ വസതിയിലായിരുന്നു അന്തരിച്ചത്.

ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ്പ് പ്രവിശ്യയിലെ മാവോസെ ഗ്രാമത്തില്‍ 1918 ജൂലായ് 18 ന് ആയിരുന്നു മണ്ടേലയുടെ ജനനം. പിതാവ് ഗാഡ്‌ല ഹെന്റി മ്ഫാകനൈസ്വയുടെ മൂന്നാമത്തെ ഭാര്യയായ നോസികേനി ഫായിയായിരുന്നു മണ്ടേലയുടെ മാതാവ്.

ലോകചരിത്രത്തിലെ തുല്യതയില്ലാത്ത പോരാട്ട ജീവിതത്തിനാണ് മണ്ഡേലയുടെ വിയോഗത്തിലൂടെ വിരാമമായത്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയാണ് മണ്ഡേലയുടെ മരണം ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്. 27 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച മണ്ഡേല 1990 ലാണ് മോചിപ്പിക്കപ്പെട്ടത്. വര്‍ണ വിവേചനത്തിനും ദക്ഷിണാഫ്രിക്കയുടെ മോചനത്തിനുംവേണ്ടി പോരാടിയതിനായിരുന്നു നീണ്ടകാലത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നത്.

1993 ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ച മണ്ഡേല 1994 ലാണ് ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായത്. അഞ്ച് വര്‍ഷക്കാലം ആ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം 99ല്‍ സ്വയം അധികാരം ഒഴിയുകയായിരുന്നു. 1990ലെ ഭാരതരത്‌നം മണ്ഡേലക്കായിരുന്നു.

കറുത്തവര്‍ഗക്കാര്‍ക്ക് വോട്ടവകാശം ലഭിച്ച ശേഷം ആദ്യമായി 1994 മേയ് പത്തിന് നടന്ന തിരഞ്ഞെടുപ്പില്‍ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി മണ്ഡേല ചുമതലയേറ്റു. ഇത് ലോക ചരിത്രത്തിലെ തന്നെ തിളങ്ങുന്ന ഒരധ്യായമായി വിശേശിക്കപ്പെട്ടു. കറുത്ത സൂര്യന്‍ എന്ന വിശേശണത്തിനും മണ്ഡേല അര്‍ഹനായി. തുടര്‍ന്ന് 1999 ജൂലൈയില്‍ അധികാരമൊഴിഞ്ഞ മണ്ഡേല 2004ല്‍ പൊതുജീവിതത്തില്‍ നിന്നും പിന്‍മാറി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. നോ ഈസി വാക്ക് ടൂ ഫ്രീഡം (സ്വാതന്ത്ര്യവഴിയിലേക്ക് കുറുക്കുവഴികളില്ല) എന്ന മണ്ഡേല രജിച്ച ഗ്രന്ഥം ഏറെ പ്രശസ്തമാണ്. സംസ്‌ക്കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും.