Breaking News

മാതൃക യുവാവ് - ആസ്‌പത്രി കിടക്കയില്‍ സഹപ്രവര്‍ത്തകനെ കൈവിടാതെ സമീര്‍


അബുദാബി ഷഹായില്‍ ഒരു വര്‍ഷത്തിന്മുന്‍പ് സംഭവിച്ച അപകടത്തില്‍ ഓര്‍മശക്തിയും ചലനശേഷിയും പൂര്‍ണമായി നഷ്ടപ്പെട്ട സഹപ്രവര്‍ത്തകനെ പരിചരിച്ചുകൊണ്ട് മാതൃകയാവുകയാണ് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ സമീര്‍. ഷഹായിലെ ഒരു പലചരക്ക് കടയിലെ ജീവനക്കാരായിരുന്നു മുഹമ്മദ് യൂസഫ് സിദിക്ക് എന്ന ബംഗ്ലാദേശിയുവാവും സമീറും 2012 ഒക്ടോബര്‍ 12-ന് കടയില്‍നിന്ന് സാധനവും ബാക്കി തുകയുമായി പോയ യൂസഫിനെ സമയം കഴിഞ്ഞിട്ടും വരാത്തതിനാല്‍ അന്വേഷിച്ചപ്പോള്‍ പുറത്ത് പണം നഷ്ടപ്പെട്ട് റോഡരികില്‍ അര്‍ധബോധാവസ്ഥയില്‍ കിടക്കുന്നതാണ് കാണാന്‍ സാധിച്ചത്. അതിവേഗം ഓടിച്ചുപോയ കാറിന്റെ നമ്പര്‍ മനസ്സിലാക്കാനും സാധിച്ചില്ല. പണം തട്ടിയെടുത്ത് അദ്ദേഹത്തെ മര്‍ദിച്ചവശനാക്കി വാഹനത്തിലവര്‍ കടന്നുകളഞ്ഞതാവാം എന്ന് വിശ്വസിക്കുകയാണ് സുഹൃത്തുക്കള്‍ ഇന്നും.

എന്നാല്‍, എന്താണ് സംഭവിച്ചതെന്ന് പറയാനുള്ള ബോധം ഇല്ലാതെ ഒരു വര്‍ഷത്തിലേറെ അല്‍ റഹബ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഹമ്മദിന് ആവശ്യമായ പരിചരണങ്ങളുമായി സമീര്‍ ഒപ്പം നില്‍ക്കുന്നു. മുഹമ്മദിന്റെ കുടുംബ പശ്ചാത്തലവും ബാധ്യതകളും അറിയാവുന്ന സമീര്‍ ഇക്കാലത്ത് കൂടപ്പിറപ്പുകള്‍പോലും കാണിക്കാത്ത പരിചരണം സഹപ്രവര്‍ത്തകന് നല്‍കുന്നു. അഞ്ച് സഹോദരിമാരും രണ്ട് വയസ്സുള്ള കുട്ടിയുമുള്ള മുഹമ്മദിന് കുടുംബത്തിന്റെ പരിചരണവും സാമീപ്യവും കൊണ്ട് മാത്രമേ ഇനി ചെറിയ തോതിലുള്ള മാറ്റമെങ്കിലും പ്രതീക്ഷിക്കാനാവൂ എന്ന് ഡോക്ടര്‍മാരും വിധിയെഴുതി. എന്നാല്‍, സുഹൃത്തിനെ നാട്ടിലേക്കയക്കുന്നതിനും തുടര്‍ ചികിത്സക്കുമാവശ്യമായ സഹകരണങ്ങള്‍ നല്‍കുവാന്‍ സമീറിന് സാധിക്കില്ല. ഇദ്ദേഹത്തിന്റെ സാഹചര്യം മനസ്സിലാക്കി സഹായമേകാന്‍ തയ്യാറായവരെ കാത്തിരിക്കുകയാണ് സമീര്‍. സമീറിനെ ബന്ധപ്പെടാനുള്ള നമ്പര്‍: 055-2730024.