Breaking News

വെല്ലുവിളികളുടെ ആകാശത്തിന് കുറുകെ വീണ്ടും കലാം

രാമേശ്വരത്ത് നിന്ന് രാഷ്ട്രപതിഭവന്‍ വരെ നീണ്ടയാത്രയില്‍ തന്നെ ഉദ്ദീപിപ്പിക്കുകയും ഉന്നതമായ ലക്ഷ്യങ്ങളിലേക്ക് വഴിനടത്തുകയും ചെയ്ത കാര്യങ്ങളെക്കുറിച്ചും വിജയങ്ങളേക്കാള്‍ പരാജയങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങളെക്കുറിച്ചുമുള്ള ഹൃദയഹാരിയായ ഓര്‍മകളാണ് എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആത്മകഥയായ 'അഗ്‌നിച്ചിറകുകള്‍'. ആത്മകഥയുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട്, തന്റെ കഥ പറഞ്ഞുകൊണ്ട് പുതിയകാലത്തെ പ്രചോദിപ്പിക്കുകയായിരുന്നു അദ്ദേഹം. രാമേശ്വരം ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ പാക്ഷി ലക്ഷ്മണശാസ്ത്രിയും തന്റെ പിതാവ് ജൈനുലാബ്ദീനും തമ്മിലുള്ള സൗഹൃദത്തില്‍ നിന്നും സംഭാഷണങ്ങളില്‍ നിന്നും മതങ്ങളുടെ ആത്യന്തികസത്യം പഠിച്ച, രാമശ്വരം കടല്‍ത്തീരത്തിനു മുകളിലൂടെ പോകുന്ന കൊറ്റികളെയും കടല്‍ക്കാക്കകളെയും കണ്ട് പറക്കാന്‍ മോഹിച്ച, സതീഷ് ധവാനില്‍ നിന്നും വിക്രം സാരാഭായിയില്‍ നിന്നും വെളിച്ചം ഉള്‍ക്കൊണ്ട കലാമിന്റെ ജീവിതം ഏറ്റവും പുതിയ തലമുറപോലും ഊര്‍ജദായനിയായി ഉള്‍ക്കൊണ്ടു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഐ.ടി. പ്രൊഫഷണലുകള്‍ വരെ, ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ മുതല്‍ രാജ്യതന്ത്രജ്ഞര്‍ വരെ 'അഗ്‌നിച്ചിറകുകളി'ല്‍ നിന്നും പ്രവഹിക്കുന്ന പ്രകാശത്തെ മുന്നിലെ ഇരുട്ടിനെക്കീറാനുള്ള വജ്രസൂചിയാക്കി. ദശലക്ഷത്തിലധികം വായനക്കാര്‍ പുസ്തകത്തിനുണ്ടായി. ഇപ്പോഴും വായന തുടരുന്നു.

പിന്നെയും കലാം പുസ്തകങ്ങള്‍ എഴുതി. എല്ലാം ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന ഇന്ത്യയെ സ്വപ്നം കാണുന്നവ, നിരാശാഭരിതമായ ജീവിതങ്ങള്‍ക്ക് മൃതസഞ്ജീവനിയാവുന്നവ. ഇപ്പോള്‍ അഗ്‌നിച്ചിറകുകളുടെ തുടര്‍ച്ചയായി അദ്ദേഹം എഴുതിയ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു: 'Turning point- A JOURNEY THROUGH CHALLENGES'. രാജാജിമാര്‍ഗില്‍ നിന്നുമിറങ്ങി രാഷ്ട്രപതിഭവന്‍ വിടുമ്പോള്‍ തനിക്ക് എടുക്കാന്‍ രണ്ട് സ്യൂട്ട്‌കേസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞാണ് കലാം തന്റെ ഓര്‍മകള്‍ തുടങ്ങുന്നത്. ''കാണുന്നവര്‍ക്കെല്ലാം ഒരേ ചോദ്യങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇനി എന്താണ് ഞാന്‍ ചെയ്യാന്‍ പോകുന്നത്? വീണ്ടും അധ്യാപനത്തിലേക്ക് തിരിച്ചുപോകുമോ? സക്രിയ ജീവിതത്തില്‍നിന്നും ഞാന്‍ വിരമിക്കുമോ.....? രാഷ്ട്രപതിഭവനിലെ അഞ്ച് വര്‍ഷത്തെ ജീവിതം ഇപ്പോഴും എന്റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു: സ്വാഗതഹാസം ചൊരിയുന്ന മുഗള്‍ഉദ്യാനത്തിലെ പൂക്കള്‍, ഉസ്താദ് ബിസ്മില്ലാഖാന്റെ ഷെഹനായിയുടെ അവസാനകച്ചേരി, ഔഷധോദ്യാനത്തിലെ പൂക്കളുടെ സുഗന്ധം, നൃത്തമാടുന്ന മയിലുകള്‍, ഉരുകുന്ന ഗ്രീഷ്മത്തിലും കൊടും ശൈത്യത്തിലും ഇമചിമ്മാതെ കാവല്‍ നില്‍ക്കുന്ന കാവല്‍ക്കാര്‍-ഇവയെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു''- കലാം എഴുതുന്നു.



തന്റെ ജീവിതത്തിലെ ഏഴ് വഴിത്തിരിവുകളെക്കുറിച്ച് കലാം എഴുതുന്നുണ്ട്. ഐ.എസ്.ആര്‍.ഒ.യില്‍ ഇന്റര്‍വ്യൂവിന് വിളിച്ചപ്പോള്‍ വിക്രം സാരാഭായിയെ മുഖാമുഖം കണ്ടത്, ഇന്ത്യന്‍ മിസൈല്‍ പരിപാടിയില്‍ അംഗമായത്, പ്രതിരോധ ഗവേഷണ വിഭാഗത്തില്‍ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായത്, 1998-ലെ അണുപരീക്ഷണം, 1999-ല്‍ ഇന്ത്യയുടെ മുഖ്യശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായത് എന്നിവയാണ് ഇവയില്‍ പ്രധാനം.

പഠിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയും ചെയ്യുകമാത്രമല്ല കലാം ചെയ്യുന്നത്. മറ്റുള്ളവരില്‍ നിന്നും താന്‍ പഠിച്ച കാര്യങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. താന്‍ പ്രസിഡന്റായിരിക്കുമ്പോഴും സാധാരണ തീര്‍ഥാടകനായി തന്റെ സഹോദരന്‍ നടത്തിയ വിശുദ്ധ ഹജ്ജ് തീര്‍ഥാടനം, ''നിലവിലുള്ള എല്ലാ ആയുധങ്ങളും അര്‍ഥശൂന്യമാവുകയും സൈബര്‍യുദ്ധത്തിലേക്ക് ലോകം ചേക്കേറുന്ന ഒരു കാലം വരുമോ കലാം എന്ന് ചോദിച്ച് തന്റെ മുന്നില്‍ നിന്ന ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷായുടെ മുഖം'', തൊണ്ണൂറിനപ്പുറവും സര്‍ഗാത്മകതയുടെ അഗ്‌നി സൂക്ഷിക്കുന്ന ഖുശ്‌വന്ത് സിങ്, റോബന്‍ ദ്വീപിലെ ഓര്‍മകളില്‍ ജീവിക്കുന്ന നെല്‍സണ്‍ മണ്ടേലയുടെ കരം പിടിച്ചുനിന്ന നിമിഷങ്ങള്‍... എല്ലാറ്റില്‍ നിന്നും അദ്ദേഹം പഠിക്കുകയായിരുന്നു. ''അദ്ദേഹത്തിന്റെ കരം പിടിച്ച് നിന്നപ്പോള്‍ കരുത്തുറ്റ ഒരു ആത്മാവിനെ സ്​പര്‍ശിച്ചു നില്‍ക്കുന്നതുപോലെ തോന്നി. എഴുന്നേറ്റപ്പോള്‍ അദ്ദേഹം തന്റെ ഊന്നുവടി ഉപേക്ഷിച്ചു. പകരം ഞാന്‍ അദ്ദേഹത്തിന് ഊന്നുവടിയായി.'' അദ്ദേഹത്തില്‍ നിന്നും ഒരു വലിയ പാഠം ഞാന്‍ പഠിച്ചു: ''നിങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നവര്‍ക്കുള്ള ഏറ്റവും വലിയ ശിക്ഷ തിരിച്ച് അവര്‍ക്ക് നല്ലത് ചെയ്യുക എന്നതാണ്. ഇതുതന്നെയാണ് തിരുക്കുറളും പറയുന്നത്.''

182 പുറങ്ങളുള്ള ഈ പുസ്തകത്തില്‍ ഒരു വരിപോലുമില്ല നിരാശയുടെ നിറം മുക്കിയതായി. സ്വപ്നം കാണുകയും ആത്മാര്‍ഥമായി അധ്വാനിക്കാന്‍ സന്നദ്ധത കാണിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് വിജയത്തിന്റെ എല്ലാ ആകാശങ്ങളും. 81 വയസ്സുകഴിഞ്ഞ സ്വന്തം ജീവിതം മുന്നില്‍ വെച്ചുകൊണ്ട് ഇങ്ങനെയൊക്കെ പറയാന്‍ നമുക്ക് ഇപ്പോള്‍ ഒരു കലാം മാത്രമേയുള്ളൂ. 'അഗ്‌നിച്ചിറകുകളു'ടെ തുടര്‍ച്ചയായി എഴുതിയ ഈ പുസ്തകം വായിച്ച് മടക്കുമ്പോഴും ആ പുസ്തകത്തില്‍ അദ്ദേഹം കുറിച്ച അവസാന വരികള്‍ ഒരു വിഷാദമേഘം പോലെ ഉള്ളിലൂടെ ഒഴുകിനീങ്ങുന്നു.

''രാമേശ്വരം ദ്വീപിലെ മോസ്‌ക് സ്ട്രീറ്റില്‍ നൂറ് വര്‍ഷത്തിലേറേക്കാലം ജീവിച്ച് അവിടെത്തന്നെ മൃതിയടഞ്ഞ ജൈനുലാബ്ദീന്റെ പുത്രന്റെ കഥ, തന്റെ സഹോദരനെ സഹായിക്കാനായി വര്‍ത്തമാനപ്പത്രങ്ങള്‍ വിറ്റുനടന്ന ഒരു ബാലന്റെ കഥ, ശിവസുബ്രഹ്മണ്യ അയ്യരാലും അയ്യാദുരെ സോളമനാലും വളര്‍ത്തിയെടുക്കപ്പെട്ട ഒരു കൊച്ചു ശിഷ്യന്റെ കഥ, പണ്ടാലയെപ്പോലുള്ള അധ്യാപകര്‍ പഠിപ്പിച്ച ഒരു വിദ്യാര്‍ഥിയുടെ കഥ, എം.ജി.കെ. മേനോന്‍ കണ്ടെത്തപ്പെട്ട , ഐതിഹാസികനായ പ്രൊഫ. സാരാഭായിയാല്‍ വളര്‍ത്തപ്പെട്ട ഒരു എന്‍ജിനീയറുടെ കഥ, പരാജയങ്ങളാലും തിരിച്ചടികളാലം പരീക്ഷിക്കപ്പെട്ട ഒരു ശാസ്ത്രജ്ഞന്റെ കഥ, അതിവിദഗ്ധരുടെ വലിയൊരു ടീമാല്‍പിന്തുണയ്ക്കപ്പെട്ട ഒരു ലീഡറുടെ കഥ. ഈ കഥ എന്നോടൊപ്പം അവസാനിക്കും, ലൗകികമായി എനിക്കൊരു പിന്തുടര്‍ച്ചാവകാശി ഇല്ല. ഞാനൊന്നും നേടിയിട്ടല്ല, ഒന്നും നിര്‍മിച്ചിട്ടില്ല, ഒന്നും കൈവശം വെക്കുന്നുമില്ല-കുടുംബമോ പുത്രന്മാരോ പുത്രിമാരോ യാതൊന്നും....''