Breaking News

ബാറ്ററി പണിമുടക്കിയാല്‍ ജമ്പ് സ്റ്റാര്‍ട്ട്‌

രാവിലെ കാര്‍ സ്റ്റാര്‍ട്ടുചെയ്യാന്‍ നോക്കുമ്പോള്‍ ബാറ്ററി ഡൗണ്‍ ആണെന്നു കണ്ടാല്‍ തീര്‍ന്നു, അന്നത്തെ ദിവസം പോയതു തന്നെ. വഴിയിലൂടെ പോകുന്ന രണ്ടുപേരെകൂടി കൂട്ടി വാഹനം ഉന്തി സ്റ്റാര്‍ട്ടാക്കുകയാണ് നമ്മുടെ പതിവ്. എന്നാല്‍ ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടറുകളുള്ള പുതിയ മോഡല്‍ വാഹനങ്ങള്‍ ഉന്തി സ്റ്റാര്‍ട്ടാക്കുന്നത് നല്ലതല്ല.

വാഹനം ഒരുപാട് കാലം ഓടാതിരിക്കുക. ബാറ്ററി പഴക്കം മൂലം വളരെ മോശമാകുക. ബാറ്ററിയിലെ ആസിഡ് ലെവല്‍ കുറഞ്ഞിട്ടും ശ്രദ്ധിക്കാതിരിക്കുക തുടങ്ങി ബാറ്ററി ഡൗണ്‍ ആകാന്‍ പലകാരണങ്ങളുണ്ട്. ഇനി ബാറ്ററി പ്രോബ്ലം കൊണ്ട് വാഹനം സ്റ്റാര്‍ട്ടാക്കാന്‍ സാധിക്കാതെ വന്നാല്‍ എന്തുചെയ്യും. മറ്റുവാഹനങ്ങളുടെ സഹായത്തോടെ നമ്മുടെ വാഹനം സ്റ്റാര്‍ട്ടുചെയ്യുന്നതിനാണ് 'ജമ്പ് - സ്റ്റാര്‍ട്ട് ചെയ്യുക' എന്നുപറയുന്നത്.

ഇതിനായി രണ്ടറ്റത്തും ബാറ്ററി ക്ലിപ്പുകള്‍ ഘടിപ്പിച്ച ഗേജ് കൂടിയ രണ്ടുവയറുകള്‍ അടങ്ങിയ ജമ്പര്‍ കേബിള്‍ കിറ്റ് വാങ്ങാന്‍ കിട്ടും. (250 രൂപ മുതല്‍ വിലയുള്ള ജമ്പര്‍ കേബിള്‍ കിറ്റ് ആക്‌സസറീസ് കടകളില്‍ ലഭിക്കും). ഇവയില്‍ ഒന്ന് ചെമപ്പും, മറ്റൊന്ന് കറപ്പും നിറത്തിലുള്ള വയറുകളായിരിക്കും. ബാറ്ററിയുടെ പോസിറ്റീവ് - നെഗറ്റീവ് ടെര്‍മിനലുകള്‍ തമ്മില്‍ മാറിപോകാതെ കണക്ട് ചെയ്യാനാണ് ഈ നിറവ്യത്യാസം. ജംമ്പ് സ്റ്റാര്‍ട്ട് ചെയ്യുന്ന അവസരത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടതും ഈ കണക്ടിവിറ്റിയാണ്.

ആദ്യമായി ഇരുവാഹനങ്ങളുടെയും ബാറ്ററികള്‍ തമ്മില്‍ കുറഞ്ഞ ദൂരം വരുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യുക (മുഖാമുഖം പാര്‍ക്ക ്‌ചെയ്താലും മതി). ഇരുവാഹനങ്ങളും ന്യൂട്രല്‍ ഗിയറിലാക്കുക. ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കാന്‍ മറക്കരുത്. ഇരുവാഹനങ്ങളുടെയും പോസിറ്റീവ് ടെര്‍മിനലുകള്‍ ചെമപ്പ് ജമ്പര്‍ കേബിള്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുക.

നമ്മെ സഹായിക്കാനെത്തിയ വാഹനം സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയശേഷം നല്ല ബാറ്ററിയുടെ നെഗറ്റീവ് ടെര്‍മ്മിനല്‍ നമ്മുടെ വാഹനത്തിന്റെ ഏതെങ്കിലും ലോഹഭാഗവുമായി ക്ലിപ്പ് ചെയ്യുക. ഡെഡ് ബാറ്ററിയുടെ നെഗറ്റീവ് ടെര്‍മ്മിനലില്‍ നേരിട്ട് കണക്ട് ചെയ്യുന്നത് സുരക്ഷിതമല്ല.

ഇനി നമ്മുടെ വാഹനം സാധാരണപോലെ സ്റ്റാര്‍ട്ട് ചെയ്യാവുന്നതാണ്. മൂന്നോ നാലോ മിനുട്ട് ഇരുവാഹനങ്ങളും സ്റ്റാര്‍ട്ട് ചെയ്തുതന്നെ നിര്‍ത്തുക. ഈ അവസ്ഥയില്‍തന്നെ ബാറ്ററികള്‍ തമ്മില്‍ ഘടിപ്പിച്ച ജമ്പര്‍ കേബിളുകള്‍ സുരക്ഷിതമായി അഴിച്ചുമാറ്റുക. ആദ്യം കേടായ ബാറ്ററിയില്‍ നിന്നുള്ള ഭാഗമാണ് അഴിക്കേണ്ടത്. ചെമപ്പ് ജമ്പര്‍ കേബിള്‍ അഴിക്കുമ്പോള്‍ വാഹനത്തിന്റെ ലോഹഭാഗങ്ങളില്‍ തട്ടാതെ ശ്രദ്ധിക്കണം.

ശ്രദ്ധിക്കുക: ജമ്പ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ബാറ്ററികളില്‍ നിന്നും പുകയുയരുന്നതായി കണ്ടാല്‍ ഉടന്‍ തന്നെ എര്‍ത്ത് ചെയ്ത കറുത്ത ജംമ്പര്‍ കേബിള്‍ അഴിച്ചുമാറ്റണം.