Breaking News

ടാങ്കറുകളുടെ യാത്ര; നിയമങ്ങള്‍ ഏറേ; പക്ഷേ...

നിയമങ്ങളും സുരക്ഷാനടപടികളും ഏറേയുണ്ടായിട്ടും സംസ്ഥാനത്ത് ഗ്യാസ്ടാങ്കര്‍ മറിഞ്ഞുള്ള ദുരന്തങ്ങള്‍ പതിവാകുകയാണ്. റോഡുകളുടെ മോശം സ്ഥിതി, ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണക്കുറവ്, അപകടമൊഴിവാക്കാനുള്ള സംവിധാനങ്ങളുടെ കുറവ് തുടങ്ങിയവയാണ് ഇതിന് പ്രധാനകാരണങ്ങള്‍.

ഉയര്‍ന്ന മര്‍ദം താങ്ങാന്‍ ശേഷിയുള്ള ഉന്നതനിലവാരമുള്ള ലോഹംകൊണ്ട് നിര്‍മിച്ചതാണ് ടാങ്കര്‍ലോറികളുടെ ബുള്ളറ്റ് ടാങ്കുകള്‍. ഇവയ്ക്ക് അപകടമൊഴിവാക്കാന്‍ സേഫ്റ്റി, എക്‌സസ്ഫ്ലോ വാല്‍വുകളുമുണ്ടെങ്കിലും റോഡപകടമുണ്ടാവുമ്പോള്‍ ഇവ തകര്‍ന്ന് പ്രവര്‍ത്തനക്ഷമമല്ലാതാകുകയും ടാങ്ക് പൊട്ടിത്തെറിക്കുകയുമാണ് ചെയ്യുന്നത്. ഉയര്‍ന്ന മര്‍ദം കുറയ്ക്കാനുള്ള സുരക്ഷാ വാല്‍വ്, ടാങ്കറില്‍നിന്ന് പുറത്തേക്ക് ഇന്ധനത്തിന്റെ അമിതമായ ഒഴുക്കുണ്ടായാല്‍ തടയാനുള്ള എക്‌സസ്ഫ്ലോ വാല്‍വുകള്‍ എന്നിവ ടാങ്കറുകളിലുണ്ട്. ഇതിനുപുറമേ ചെറിയ രീതിയിലുള്ള ചോര്‍ച്ചകള്‍ തടയാനും ടാങ്കറില്‍ സംവിധാനമുണ്ട്.

ടാങ്കും വാല്‍വുകളും തുടര്‍ച്ചയായി പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്താറുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. ടാങ്കുകളില്‍ സുരക്ഷിതത്വം മുന്‍നിര്‍ത്തി 85 ശതമാനം എല്‍.പി.ജി. മാത്രമേ നിറയ്ക്കൂ. ഡ്രൈവര്‍മാര്‍ക്ക് പതിവായി പരിശീലനവും നല്‍കാറുണ്ട്.

ടാങ്കര്‍ലോറികളുടെ സുരക്ഷാപരിശോധന നടത്തി പെട്രോളിയം എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് ടാങ്കറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. ഇതിനുപുറമേയാണ് മോട്ടോര്‍വാഹനവകുപ്പിന്റെ അനുമതിയും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ലൈസന്‍സ് നല്‍കില്ല. നിര്‍മാണത്തിലെ അപാകംകാരണം കേരളത്തില്‍ വാതകച്ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം കിട്ടിയ വാഹനനിര്‍മാതാക്കള്‍ ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കുമാത്രമേ മോട്ടോര്‍വാഹനവകുപ്പ് രജിസ്‌ട്രേഷന്‍ നല്‍കൂ.



മോട്ടോര്‍വാഹന നിയമപ്രകാരം രാവിലെ എട്ടിനും രാത്രി എട്ടിനും ഇടയില്‍ എളുപ്പം തീപിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമായ രാസവസ്തുക്കളുമായി ടാങ്കറുകള്‍ ഓടരുതെന്നാണ് ചട്ടം. അപകടകരമായ വസ്തുക്കളുമായി നേരംപുലരുംമുമ്പ് ലക്ഷ്യസ്ഥാനത്തെത്താന്‍ ധൃതിപിടിച്ച് വാഹനമോടിക്കുന്നത് അപകടങ്ങള്‍ വരുത്തിവെക്കുന്നുണ്ട്. ഇതിനുപുറമേ റോഡ് നിര്‍മാണത്തിലെ അപാകവും അപകടത്തിന് കാരണമാകുന്നു.

അപകടമുണ്ടായാല്‍ പാചകവാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനാവശ്യമായ അതീവ സുരക്ഷാസംവിധാനങ്ങളുള്ള വാഹനങ്ങളുടെ അപര്യാപ്തതയും അത്യാഹിതങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓട്ടോ ഗ്യാസ് എനര്‍ജി ലിമിറ്റഡ് എന്ന സ്ഥാപനത്തിനും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും എല്‍.പി.ജി. എമര്‍ജന്‍സി റസ്‌ക്യൂ വെഹിക്കിള്‍ (എല്‍.പി.ജി ഇ.ആര്‍.വി.) ഉണ്ട്. വിവിധസ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഈ വാഹനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ അപകടമുണ്ടായാല്‍ കൊച്ചിയില്‍നിന്ന് ഇ.ആര്‍.വി. എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കാലതാമസമെടുക്കും. വിദേശനിര്‍മിത സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഇ.ആര്‍.വി.ക്ക് 40 ലക്ഷത്തോളം രൂപയാണ് നിര്‍മാണച്ചെലവ്. എന്നാല്‍, തീപ്പിടിത്തം ഉണ്ടാകുന്നതുള്‍പ്പെടെയുള്ള ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം അത്ര ഫലവത്താകില്ലെന്ന പോരായ്മയുണ്ട്.

അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് പ്രത്യേക ലൈസന്‍സ് നല്‍കാറുണ്ട്. ഇത് ഓരോവര്‍ഷവും പുതുക്കുകയും വേണം. എന്നാല്‍, ഇതില്ലാതെ ഹെവി വെഹിക്കിള്‍ ഡ്രൈവിങ്‌ലൈസന്‍സ് മാത്രമാണ് ചില ഡ്രൈവര്‍മാര്‍ക്കുള്ളത്. ഗവ. അംഗീകൃത ഫയര്‍ ആന്‍ഡ് സേഫ്റ്റി സ്ഥാപനങ്ങളിലെ സുരക്ഷാപരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ലൈസന്‍സ് നല്‍കൂ. എന്നാല്‍, ചിലര്‍ ഇത്തരം സ്ഥാപനങ്ങളിലെ ക്ലാസില്‍ പങ്കെടുക്കാതെ പണംനല്‍കി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നുണ്ട്.

വാഹനത്തിലുള്ള അപകടകരമായ വസ്തുക്കളുടെ വിവരം, ചോര്‍ച്ച ഉള്‍പ്പെടെയുള്ള അത്യാഹിതമുണ്ടായാല്‍ എന്തുചെയ്യണം, ആരെയൊക്കെ ബന്ധപ്പെടണം തുടങ്ങിയ കാര്യങ്ങളടങ്ങിയ ട്രാന്‍സ്‌പോര്‍ട്ട് എമര്‍ജന്‍സി കാര്‍ഡ് ഡ്രൈവര്‍ കരുതണമെന്നാണ് ചട്ടം. ഡ്രൈവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടിയാണിത്. വാഹനത്തില്‍ അപകടകരമായ വസ്തുക്കളാണ് ഉള്ളതെന്ന് വ്യക്തമാക്കുന്ന അപകടചിഹ്നങ്ങള്‍ ഉണ്ടായിരിക്കണം. തലയോട്ടിചിഹ്നം ഉദാഹരണം. ഇത്തരം ടാങ്കറുകളുടെ ക്യാബിന് ഓറഞ്ചും ടാങ്കിന് വെള്ളയും നിറമേ ഉപയോഗിക്കാവൂ. ഡ്രൈവര്‍മാര്‍ക്ക് വാതകപ്രവാഹത്തില്‍നിന്ന് രക്ഷനേടുന്നതിനുള്ള മാസ്‌ക്, ഗ്ലൗസ്, അഗ്‌നിശമന ഉപകരണം എന്നിവ കരുതിയിരിക്കണം.


അപകടങ്ങളുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അഗ്‌നിശമനസേനയും പോലീസും വ്യക്തമായ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കാറുണ്ട്.അപകടസ്ഥലത്തുനിന്ന് ആളുകളെ പരമാവധി ഒഴിപ്പിക്കുന്നതാണ് ഒരു സുരക്ഷാനടപടി. അവശ്യഘട്ടങ്ങളില്‍ അപകടത്തില്‍പ്പെട്ട വാഹനം ജനക്കൂട്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റാന്‍ അഗ്‌നിശമനസേന ശ്രമിക്കാറുണ്ട്. പാചകവാതക ചോര്‍ച്ചയുണ്ടായാല്‍ മൊബൈല്‍ ടാങ്ക്‌യൂണിറ്റില്‍നിന്ന് വെള്ളം ശക്തിയായി ചീറ്റിച്ച് തീ കെടുത്തുകയും ചൂടുപിടിച്ച ടാങ്ക് തണുപ്പിക്കുകയും ചെയ്യും. ചില സന്ദര്‍ഭങ്ങളില്‍ പതയുള്ള വെള്ളം ചീറ്റിച്ചും ദുരന്തനിവാരണപ്രവര്‍ത്തനം നടത്തും.

ജനങ്ങള്‍ക്ക് മൈക്കുവഴി അപകടമുന്നറിയിപ്പ് നല്‍കുകയും പരിഭ്രാന്തി പടരാതിരിക്കാന്‍ നടപടിയെടുക്കുകയുമാണ് പോലീസ് ചെയ്യുന്നത്. സ്ഥലത്തെ വൈദ്യുതി വിച്ഛേദിക്കാനും നടപടിയെടുക്കും. ആവശ്യമെങ്കില്‍ ആസ്പത്രിയിലും ബന്ധപ്പെട്ട എല്‍.പി.ജി. കമ്പനി അധികൃതരെയും വിവരമറിയിക്കും. മൊബൈല്‍ഫോണ്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന അറിയിപ്പും നല്‍കുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

രാസവസ്തുക്കള്‍മൂലമുള്ള അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അടിയന്തര പ്രതികരണകേന്ദ്രം കൊച്ചിയിലുണ്ടെങ്കിലും പ്രവര്‍ത്തനം ഇനിയും കാര്യക്ഷമമാക്കേണ്ടതുണ്ട്. മറ്റ് ജില്ലകളിലും ഇത്തരം സെന്ററുകള്‍ വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.