Breaking News

പെട്രോളിന്റെ വില


പെട്രോളിന്റെ വില വീണ്ടും കൂടിയല്ലോ. ഇപ്പോള്‍ ലിറ്ററിന് എഴുപത് രൂപക്ക് മുകളില്‍ ആണ് വില. ഹര്‍ത്താലും പത്രങ്ങളില്‍ പ്രസ്താവന യുദ്ധവും ഫേസ് ബുക്കില്‍ സംവാദവും പതിവുപോലെ നടക്കുന്നു.

ഇന്റര്‍നെറ്റിന്റെ ഒരു ഗുണം ലോകത്തെവിടെയും ഉള്ള പെട്രോള്‍ വില ഇപ്പോള്‍ നമുക്ക് ഒരു മിനുട്ടിനകം അറിയാന്‍ പറ്റും എന്നതാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ പെട്രോളിന്റെ വില ലോകത്തില്‍ ഏറ്റവും കൂടുതലാണ് എന്നു തുടങ്ങിയ മൈതാനപ്രസംഗങ്ങള്‍ക്ക് പ്രസക്തിയില്ല. വിലവര്‍ദ്ധനയുടെ സമയത്ത് ഏറെ വാഗ്വാദങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഗുണപരമായ ഒരു സംവാദം ഉണ്ടാകുന്നും ഇല്ല.

പെട്രോളിന്റെ വിലയെപ്പറ്റി പറയുമ്പോള്‍ അതിന്റെ പ്രധാന അടിസ്ഥാനവസ്തുവായ പെട്രോളിയത്തില്‍ നിന്നും തുടങ്ങണം. പെട്രോളിന്റെ വിലയില്‍ ലോകത്താകമാനം വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുമ്പോള്‍തന്നെ പെട്രോളിയത്തിന്റെ വില ഏറെക്കുറെ തുല്യമാണ്. (എണ്ണയുടെ ഗുണനിലവാരം അനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്). അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇപ്പോള്‍ ബാരലിന് നൂറുഡോളറിന് അടുത്താണ്. ഒരു ബാരല്‍ എന്നാല്‍ നൂറ്റി അന്‍പത്തൊന്‍പതു ലിറ്റര്‍.

പെട്രോളിയം ഭൂമിയില്‍ നിന്നും കുഴിച്ചെടുക്കുന്ന ഒരു വസ്തുവാണല്ലോ. അതു കുഴിച്ചെടുത്ത് ഉപഭോക്താവിന്റെ അടുത്തെത്തിക്കാനുള്ള ചെലവിനു മുകളില്‍ എന്തുകിട്ടിയാലും ഉല്‍പാദകന് ലാഭമാണ്. ഈ ചെലവ് അസംസ്‌കൃത എണ്ണയുടെ സ്രോതസ് കരയിലാണോ കടലിലാണോ കാട്ടിലാണോ മഞ്ഞിനടിയിലാണോ എന്നതിനേയും ഭൂമിക്ക് എത്ര അടിയിലാണ്, ഒരു എണ്ണപ്പാടത്തില്‍ എന്തുമാത്രം എണ്ണയുണ്ട് എന്നതിനെ ഒക്കെ ആശ്രയിച്ചിരിക്കും. എണ്ണയുല്പാദിപ്പിക്കുന്ന പല രാജ്യങ്ങളിലും സുരക്ഷ ഒരു പ്രശ്‌നം ആയതിനാല്‍ ജോലിക്കാരുടെയും ഉപകരണങ്ങളുടെയും ഒക്കെ സുരക്ഷ ഉറപ്പു വരുത്താനുള്ള ചെലവും ഒക്കെ കണക്കാക്കിയാണ് ഒരു ശരാശരി ബാരല്‍ എണ്ണ കുഴിച്ചെടുക്കുന്നതിന്റെ ചെലവ് കണക്കാക്കുന്നത്.

വന്‍തോതില്‍ എണ്ണ നിക്ഷേപം കരയില്‍ തന്നെയുള്ള സൗദി അറേബ്യയില്‍ ബാരലിന് അഞ്ചുഡോളറില്‍ താഴെ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കാന്‍ പറ്റും. ഏറെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉള്ള യൂറോപ്പിലെ നോര്‍ത്ത് സീയില്‍ നിന്നാകട്ടെ എണ്ണ ഉത്പാദിപ്പിക്കാന്‍ ബാരലിന് ഇരുപത് ഡോളറോളം ചെലവാകും. ഇതിന്റെ അര്‍ത്ഥം എണ്ണവില ബാരലിന് ഇരുപത്തഞ്ച് ഡോളര്‍ ആണെങ്കില്‍പോലും ഉല്‍പാദകര്‍ക്ക് ലാഭമാണ്.

എണ്ണ വില ബാരലിന് നൂറ്റമ്പത് കഴിയുകയും ഇരുന്നൂറില്‍ എത്തുമോ എന്ന് ഭയപ്പെടുകയും ചെയ്യുന്ന കാലത്ത് വെറും ഇരുപത്തഞ്ച് ഡോളറിന് ക്രൂഡ് ഓയില്‍ കിട്ടുമെന്നത് ചുമ്മാ ദിവാസ്വപ്‌നം ആയി തോന്നാം. പക്ഷെ ഈ വ്യവസായവുമായി അടുത്ത് ഏറെ നാളായി ബന്ധപ്പെടാത്തവര്‍ക്ക് അറിയാത്ത ഒരു കാര്യം 1999 ല്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് പത്ത് ഡോളറില്‍ താഴെ എത്തി. അത് അഞ്ചു ഡോളര്‍ വരെ എത്തിയേക്കും എന്ന് അന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചു. എണ്ണ വില കുറയുമ്പോള്‍ സാമ്പത്തികമായും രാഷ്ട്രീയമായും അടിപതറുന്ന ഒപ്പെക്ക് രാജ്യങ്ങള്‍ വില എങ്ങനെയെങ്കിലും ഇരുപത്തിരണ്ടിനും ഇരുപത്തി എട്ടിനും ഇടയില്‍ പിടിച്ചു നിര്‍ത്തണം എന്ന് തീരുമാനിച്ചു. അവരുടെ ഭാഗ്യത്തിന് വില പിന്നെ മുന്നോട്ടു പോയി. ഇപ്പോള്‍ ഏതാണ്ട് എണ്‍പത് ഡോളറിനു മുകളില്‍ സ്ഥിരമായി നില്കാന്‍ തുടങ്ങി.

ഇതുപക്ഷെ എല്ലാക്കാലത്തും നില്‍ക്കണം എന്നില്ല. എണ്ണയുടെ വില ഇപ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്നത് എണ്ണയുടെ ഇപ്പോഴത്തെ സപ്ലൈ കപ്പാസിറ്റി ഡിമാന്റിനോട് ഏതാണ്ട് തൊട്ടടുത്ത് നില്ക്കുന്നതുകൊണ്ടാണ്. ഈ സപ്ലൈ കപ്പാസിറ്റി ഒരു പത്തുശതമാനം കൂടുകയോ ഡിമാന്റ് പത്ത് ശതമാനം കുറയുകയോ ചെയ്താല്‍ എണ്ണവില വീണ്ടും കൂപ്പുകുത്തും. കുറയുകയോ ചെയ്താല്‍ എണ്ണ വില വീണ്ടും കൂപ്പുകുത്തും. ഒരിക്കല്‍ താഴേക്ക് പോയി തുടങ്ങിയാല്‍ സ്വന്തം രാജ്യങ്ങളിലെ ഉയര്‍ന്ന ചെലവുകള്‍ നടത്താന്‍ ഒപ്പെക്ക് രാജ്യങ്ങള്‍ക്ക് എണ്ണ കൂടുതല്‍ വിറ്റേ പറ്റൂ. എണ്ണയുടെ വില അങ്ങനെ വീണ്ടും പത്തു ഡോളര്‍ ആകുന്നത് അസംഭവ്യമല്ല.

മൂന്നു കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. ഏറ്റവും വേഗത്തില്‍ സംഭവിക്കാവുന്നത് ഒരു കൂറ്റന്‍ ആഗോള സാമ്പത്തികമാന്ദ്യമാണ്. എണ്ണയുടെ വില ഉയരുന്നതുകൊണ്ടോ യൂറോപ്പിലെ സാമ്പത്തിക കുഴപ്പങ്ങള്‍കൊണ്ടോ ഒക്കെ അങ്ങനെ ഒരു പ്രതിസന്ധി ഉണ്ടാകാം. അതിന്റെ ഫലമായി ക്രൂഡ് ഓയിലിന്റെ ഡിമാന്റ് ദിവസം ഒരു പത്തു മില്യന്‍ ബാരല്‍ എങ്കിലും കുറഞ്ഞാല്‍ എണ്ണയുടെ വില ഉടന്‍ മൊത്തമായിട്ട് താഴേക്ക് വരും.

രണ്ടാമത്തെ സാധ്യത പടിപടിയായി സംഭവിക്കുന്നതാണ്. ലോകത്ത് അനവധി സ്ഥലങ്ങളില്‍ എണ്ണ നിക്ഷേപങ്ങള്‍ ഉണ്ട്. ആഴക്കടലിലും ആര്‍ട്ടിക്കിലും ഇനിയും പര്യവേക്ഷകര്‍ എത്താത്ത നാടുകളിലും ഒക്കെ. എണ്ണയുടെ വില ഏറെക്കാലം ഉയര്‍ന്നുനിന്നാല്‍ കമ്പനികളും രാജ്യങ്ങളും ഇവിടെ നിന്നൊക്കെ എണ്ണ കണ്ടുപിടിച്ച് വിപണിയില്‍ എത്തിക്കും. പത്തുരൂപക്ക് ഉല്‍പാദിപ്പിക്കുന്ന ഒരു വസ്തു ഏറെക്കാലം നൂറുരൂപക്ക് വില്‍ക്കുന്നത് ഒരു വസ്തുവിന്റെ കാര്യത്തിലും സംഭവിക്കുന്നതല്ല. അങ്ങനെ വന്നാല്‍ നമ്മുടെ കൊക്കോയുടെ വിലയിടിഞ്ഞപോലെ ക്രൂഡ് ഓയിലിന്റെയും വില താഴേക്ക് വരും. എണ്ണ പര്യവേക്ഷണം തുടങ്ങി വിപണിയില്‍ എത്തിക്കുന്നതുവരെയുള്ള എഞ്ചിനീയറിംഗ് പരിപാടികള്‍ക്ക് ഒരു പതിറ്റാണ്ടെങ്കിലും എടുക്കും. വിലയുടെ ഇടിവാകട്ടെ നാടകീയം ആവുകയും ഇല്ല.

മൂന്നാമത്തെ സാധ്യത എണ്ണയുടെ വില ഉയരത്തില്‍ നിന്നാല്‍ എണ്ണക്കു പകരം ഉള്ള ഊര്‍ജസ്‌ത്രോതസുകള്‍ ബുദ്ധിമാന്‍മാര്‍ വികസിപ്പിക്കും എന്നതാണ്. ഇപ്പോള്‍തന്നെ സോളാര്‍ എനര്‍ജിയുടെ ചില പതിപ്പുകള്‍ എങ്കിലും വിലയുടെ കാര്യത്തില്‍ എണ്ണയോട് കിടപിടിച്ചു തുടങ്ങി. സോളാറിലോ, വൈദ്യുതിയുടെ ദീര്‍ഘദൂര സംപ്രേഷണത്തിലോ സ്‌റ്റോറേജിലോ ഒക്കെ ഒരു ടെക്‌നോളജിക്കല്‍ ബ്രേക്ക് ത്രൂ ഉണ്ടായാല്‍ പിന്നെ എണ്ണ പോലെ ചില ഭൂപ്രദേശങ്ങളില്‍ മാത്രം, അതും പലപ്പോഴും കുഴപ്പം പിടിച്ച ചെയ്യുന്നയിടങ്ങളില്‍ കിട്ടുന്ന ഒരു വസ്തുവിനെ ഉപേക്ഷിച്ച് ആളുകള്‍ മറ്റു വസ്തുവിന്റെ പുറകേ പോകും. ചരിത്രത്തിന്റെ ഗതി വെച്ചു നോക്കിയാല്‍ ഇതു സംഭവിക്കാതെ തരമില്ല. ഏറിയാല്‍ അന്‍പതു വര്‍ഷത്തിനകം ഈ എണ്ണയുഗം അവസാനിക്കും. ശിലായുഗം അവസാനിച്ചത് ലോകത്ത് ശിലയില്ലാതെ ആയിട്ടല്ല എന്ന് പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്.

പെട്രോളിന്റെ വിലയിലെ പ്രധാന 'അന്യായം' പെട്രോളിയത്തിന്റെ വിലയാണെന്നു കാണിക്കാനാണ് ഞാന്‍ ഇത്രയും പറഞ്ഞത്. എന്നാലും പൊതു വിപണിയില്‍ നിന്ന് പെട്രോളിയം വാങ്ങി പെട്രോള്‍ ആക്കി പമ്പിലെത്തിക്കുമ്പോള്‍ അതിന്റെ വിലയിലുള്ള ഈ വന്‍വ്യത്യാസം എങ്ങനെ വരുന്നു. ഇവിടെ നമ്മുടെ ഗവണ്‍മെന്റ് എന്തെങ്കിലും സ്വകാര്യ അന്യായം നമ്മോടു നടത്തുന്നുണ്ടോ?

പെട്രോളിയത്തിന്റെ വിലയില്‍ നിന്നും പെട്രോളിന്റെ വില ഒന്നിനൊന്ന് എന്ന അനുപാതത്തില്‍ എടുക്കാന്‍ പറ്റിയകാര്യം അല്ല. കാരണം പെട്രോളിയം ശുദ്ധീകരിക്കുമ്പോള്‍ അതില്‍ നിന്നും പെട്രോള്‍ മാത്രമല്ല കിട്ടുന്നത്. വിമാനത്തിനുപയോഗിക്കുന്ന ഏവിയേഷന്‍ ഫ്യുവല്‍ മുതല്‍ ടാര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ബിറ്റുമിന്‍ വരെ പലതും എണ്ണശുദ്ധീകരണത്തില്‍ നിന്നും കിട്ടുന്നതാണ്. ഇതെല്ലാം പല വിലക്ക് വില്‍ക്കുകയും ചെയ്യും. എങ്കിലും ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറും ഡോളറിന്റെ വില ഒന്നിന് 50 രൂപയും ആയ ഒരു സമയത്ത് ഒരു ലിറ്റര്‍ പെട്രോള്‍ ടാക്‌സ് ഒഴിച്ച് ഏതാണ്ട് 40 രൂപക്ക് വിപണിയില്‍ എത്തിക്കാന്‍ പറ്റും എന്ന് സാമാന്യം ആയി പറയാം.

പെട്രോളിന് ലിറ്ററിന് പത്തുരൂപയിലും താഴെ വില്ക്കുന്നരാജ്യങ്ങള്‍ ലോകത്ത് ഉണ്ടെന്നു പറഞ്ഞല്ലോ ബ്രൂണൈ മുതല്‍ നൈജീരിയ വരെയുള്ള എണ്ണയുല്പാദനരാജ്യങ്ങളില്‍ എല്ലാം തന്നെ പെട്രോളിന്റെ വില ലിറ്ററിന് ഒരു ഡോളറിലും താഴെയാണ്. നമ്മുടെ വീട്ടില്‍ തന്നെ തെങ്ങുള്ളപ്പോള്‍ പുറത്ത് വെളിച്ചെണ്ണ വില കൂടിയാലും നമുക്ക് അതിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടുകയില്ലല്ലോ, അത്രമാത്രം. എണ്ണ ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യത്തിനും പെട്രോള്‍ വില അധികകാലം സബ്‌സിഡി നല്കി പിടിച്ചു നിര്‍ത്താന്‍ കഴിയില്ല. എണ്ണയുല്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ (ഇറാന്‍, നൈജീരിയ, ബൊളീവിയ) പോലും സബ്‌സിഡി കുറക്കാന്‍ ശ്രമിക്കുകയാണ്.

എണ്ണക്കമ്പനികളുടെ കൂറ്റന്‍ ലാഭമാണ് ചര്‍ച്ച ചെയ്യപ്പെടുന്ന അടുത്തവിഷയം. ഇവിടെ രണ്ടുകാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണം. ഒന്നാമത് ഒരു കമ്പനിയുടെ ലാഭം നമ്മള്‍ നോക്കേണ്ടത് ആ വ്യവസായത്തില്‍ എത്ര മൂലധനം നിക്ഷേപിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഒരു ലക്ഷം കോടി രൂപ നിക്ഷേപിച്ച മൂലധനത്തിന് വര്‍ഷത്തില്‍ ഒരു ശതമാനം പലിശ കിട്ടുന്നതുപോലാന്നല്ലോ അത്. അതേ മൂലധനം മറ്റുമേഖലകളില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ എന്തു പ്രതിഫലം കിട്ടുമായിരുന്നു എന്നാണ് നിക്ഷേപകര്‍ പൊതുവെ നോക്കുന്നത്. അങ്ങനെവരുമ്പോള്‍ പൊതുവെ ആകര്‍ഷകമല്ലാത്ത ഒരു മേഖലയാണ് റിഫൈനിംഗ്. ആഗോള എണ്ണ ഭീമന്‍മാര്‍ എല്ലാം തന്നെ പറ്റുമെങ്കില്‍ റിഫൈനിംഗ് രംഗത്തുനിന്നു മാറുവാന്‍ ആണ് നോക്കുന്നത്. ഞാന്‍ ഷെല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കാലത്തൊന്നും അവര്‍ പുതിയ റിഫൈനറി സ്ഥാപിച്ചില്ല എന്നു മാത്രമല്ല ഉള്ളവ പൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍ റിഫൈനിംഗ് എന്നത് ഒരു തന്ത്രപ്രധാന രംഗം ആയതിനാല്‍ ഈ തീരുമാനം ലാഭത്തെ മാത്രം നോക്കിയല്ല സ്വീകരിക്കുന്നത്. പക്ഷെ പറഞ്ഞു കേള്‍ക്കുന്ന ഈ കൂറ്റന്‍ ലാഭം മറ്റു മേഖലകളിലെ നിക്ഷേപങ്ങളുടെ ലാഭസാധ്യതയുമായി നോക്കുമ്പോള്‍ അത്ര ആകര്‍ഷകമല്ല എന്നുമാത്രം സൂചിപ്പിക്കാനാണ് ഇതു പറഞ്ഞത്.

രണ്ടാമത്തെക്കാര്യം, പെട്രോള്‍ വിലയില്‍ റിഫൈനിംഗിന്റെ പങ്ക് പത്തു ശതമാനത്തിലും കുറവാണ്. അതായത് എഴുപത്തഞ്ചു രൂപ പെട്രോള്‍ വിലയുണ്ടെങ്കില്‍ അതിന്റെ റിഫൈനിംഗ് ചെലവ് (ലാഭം ഉള്‍പ്പെടെ) എട്ടുരൂപയില്‍ താഴെ. ഇതില്‍ ലാഭം മാത്രം നോക്കിയാലും രണ്ടു രൂപയില്‍ താഴെയായിരിക്കും. അതായത് പെട്രോള്‍ കമ്പനികള്‍ ലാഭം മുഴുവന്‍ വേണ്ട എന്നു വെച്ചാലും പമ്പിലെ പെട്രോളിന്റെ വില രണ്ടു രൂപയേ കുറയൂ. ലാഭമില്ലാതെ റിഫൈനറി നടത്തിയാല്‍ റിഫൈനിംഗിലെ പുതിയ സാങ്കേതിക വിദ്യകൊണ്ടുവരാനോ പുതിയ റിഫൈനിംഗ് കപ്പാസിറ്റി ഉണ്ടാക്കാനോ അവര്‍ക്ക് കഴിയില്ല.

അപ്പോള്‍ നമ്മുടെ പെട്രോള്‍ വിലയില്‍ കാര്യമായി മാറ്റം വരുത്താന്‍ സാധിക്കുന്നത് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാണ് പെട്രോളിയത്തിന്റെയും പെട്രോളിന്റെയും മുകളില്‍ ഇറക്കുമതി തീരുവയായും കസ്റ്റംസ് നികുതിയായും സെയില്‍സ് ടാക്‌സ് ആയും ഒക്കെ നികുതിയുണ്ട്. ഈ നികുതി തീരെ കുറവായ അമേരിക്കയില്‍ പെട്രോള്‍ ഒരു ലിറ്ററിന് ഒരു ഡോളറിനടുത്ത് വില്‍ക്കാന്‍ പറ്റുന്നു. നികുതി ഏറെ കൂടുതല്‍ ഉള്ള യൂറോപ്പില്‍ രണ്ടു ഡോളറിനും മുകളില്‍. എണ്ണ സ്വയം ഉല്‍പാദിപ്പിക്കുന്ന നോര്‍വെയില്‍ ആണ് ലോകത്തില്‍ ഏറ്റവും കൂടിയ പെട്രോള്‍ വില. ലിറ്ററിന് നൂറ്റിമുപ്പതു രൂപയുടെ അടുത്ത്.

നമ്മുടെ പെട്രോള്‍ വില അപ്പോള്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ പോലും ഏറ്റവും കൂടിയതോ കുറഞ്ഞതോ അല്ല. അതുകൊണ്ടുതന്നെ വില ന്യായമോ അന്യായമോ എന്ന ചോദ്യത്തിന്റെ ഉത്തരം പെട്രോളിന്റെ പമ്പിലെ വിലയില്‍ അല്ല നമ്മുടെ കയ്യില്‍ നിന്നും ഗവണ്‍മെന്റ് പിരിച്ചെടുക്കുന്ന നികുതി എവിടെ എത്തുന്നു എന്നതില്‍ ആണ് നാം അന്വേഷിക്കേണ്ടത്. പെട്രോളിന്റെ വിലയെപ്പറ്റി ഫേസ്ബുക്കിലും പാര്‍ലമെന്റിലും ഒക്കെ ചര്‍ച്ചചെയ്യുമ്പോള്‍ സംഭവിക്കാത്തതും ഇതാണ്.

കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളെ സംബന്ധിച്ചിടത്തോളം പെട്രോളിന്റെ നികുതി ഒരു കാമധേനു ആണ്. പിരിച്ചെടുക്കാന്‍ വലിയ ചെലവില്ല എന്നതും നികുതി വെട്ടിപ്പിന് അധികം സാധ്യതകള്‍ ഇല്ല എന്നതും ഇതിന്റെ രണ്ട് പ്രധാന ആകര്‍ഷണം ആണ്. കേരളാ ഗവണ്‍മെന്റിന്റെ ഒന്നാമത്തെ നികുതി സ്രോതസ്സാണ് പെട്രോളിലെ നികുതി. കേന്ദ്രത്തിന്റെയും ഒരു പ്രധാന വരുമാനം ആയിരിക്കണം ഇത്.

ഇവിടെ മൂന്നു കാര്യങ്ങള്‍ ആണ് നാം ചര്‍ച്ച ചെയ്യേണ്ടത്.

ഒന്നാമത്, സര്‍ക്കാരുകള്‍ നികുതിപ്പണം എന്തിനാണ് ചെലവാക്കുന്നത് ? ഇപ്പോള്‍ ഗവണ്‍മെന്റ് ചെയ്യുന്ന എല്ലാ പരിപാടികളും നികുതിപ്പണം ഉപയോഗിച്ച് ചെയ്യേണ്ടതാണോ? ഉദാഹരണത്തിന് നികുതിപ്പണം ഉപയോഗിച്ച് നഷ്ടത്തില്‍ ഒരു വിമാനകമ്പനി നടത്തുന്നത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തം ആണോ? ഹോട്ടലും ബിയര്‍ പാര്‍ലറും നടത്തുന്ന പോലെയുള്ള കാര്യങ്ങളില്‍ നിന്നും ഗവണ്‍മെന്റു പിന്‍മാറിയാല്‍ നമുക്ക് ഇത്രയും നികുതി ഭാരം ഉണ്ടാകുമോ?

രണ്ടാമത്, ഗവണ്‍മെന്റ് പിരിച്ചെടുക്കുന്ന നികുതിപ്പണം കാര്യക്ഷമമായിട്ടാണോ ഉപയോഗിക്കുന്നത്? ഗവണ്‍മെന്റ് ചെലവുകളിലെ ചോര്‍ച്ചകള്‍ കുറക്കുകയും കാര്യക്ഷമതകൂട്ടുകയും ചെയ്താല്‍ നികുതി കൂട്ടാതെ തന്നെ നമുക്ക് ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ലേ?

ഈ രണ്ടു ചോദ്യങ്ങളും എല്ലാ നികുതി വരുമാനത്തേയും പറ്റി ശരിയാണ്. എന്നാല്‍ പെട്രോളിയത്തിന്റെ നികുതിയെപ്പറ്റി ഒരു പ്രത്യേക ചോദ്യവും നാം ചോദിക്കണം. പെട്രോളിന്റെ വില അടിക്കടി കൂട്ടിയിട്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ ഡിമാന്റ് കുറയുന്നില്ലല്ലോ. പെട്രോളിന്റെ വില കൂടുകയും ഡീസലിന്റെ വില കൂടാതിരിക്കുകയും ചെയ്യുമ്പോള്‍ പെട്രോള്‍ കാറുകളില്‍ നിന്നും ആളുകള്‍ ഡീസല്‍ കാറിലേക്ക് മാറുന്നതല്ലാതെ കാറു വിറ്റ് ബസില്‍ പോകാം എന്നു തീരുമാനിക്കുന്നില്ല. സുഖപ്രദവും സൗകര്യമുള്ളതുമായ ഒരു പൊതുഗതാഗത സമ്പദായം ഇല്ലാത്തതാണ് ഇതിനു കാരണം. യൂറോപ്പില്‍ കാറിന്റെ വിലയൊക്കെ വലിയ ടാക്‌സ് ചുമത്തി കൂട്ടിവച്ചിരിക്കുന്നതിനോടൊപ്പം തന്നെ ഏറ്റവും കാര്യക്ഷമമായ പൊതുഗതാഗതസംവിധാനങ്ങള്‍(ട്രെയിന്‍, ബസ്, ട്രാം, ബോട്ട്) ഉണ്ടാക്കിയിരിക്കുന്നു.

പെട്രോളിയം ഉല്‍പന്നങ്ങളില്‍ ചുമത്തുന്ന ഭീമമായ നികുതിയുടെ ഒരു നല്ലഭാഗം നമ്മുടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ നന്നാക്കാനും പരമ്പരാഗതമല്ലാത്ത ഊര്‍ജസ്‌ത്രോതസ്സുകള്‍ കണ്ടെത്തി വികസിപ്പിക്കാനും വിപണനം ചെയ്യാനും ഊര്‍ജത്തിന്റെ ആവശ്യം കുറയുന്ന പരിപാടികള്‍ക്കും (ട്രാന്‍സ്മിഷന്‍ നഷ്ടം കുറയുക. ഊര്‍ജക്ഷമതയുള്ള ഉപകരണങ്ങ്ള്‍ കൂട്ടുക എന്നീതരം ഡിമാന്റ് സൈഡ്മാനേജ്‌മെന്റ്) ഒക്കെയായി മാറ്റി വെക്കണം. അപ്പോഴാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ പെട്രോളിയത്തിനുള്ള നീരാളിപ്പിടിത്തത്തില്‍ നിന്നും നാം രക്ഷപ്പെടുകയുള്ളൂ. പെട്രോളിന്റെ വില കുറച്ച് ഉപഭോഗം കൂട്ടി നമ്മുടെ വിദേശനാണയത്തിന്റെ ഒഴുക്ക് ഇനിയും കൂട്ടുന്നതോ പെട്രോളിന്റെ വില കൂട്ടി (എന്നാല്‍ പെട്രോളിന്റെ ഉപഭോഗം കുറക്കാതെ) കിട്ടുന്ന പണം അനാവശ്യമായോ കാര്യക്ഷമതയില്ലാതെയോ ചിലവാക്കുന്നതോ ന്യായമല്ല. പെട്രോളിയം ഇറക്കുമതിയില്‍ ഉള്ള നമ്മുടെ ആശ്രിതത്വം കുറക്കാന്‍ ഉപകരിക്കുന്ന ഏതു വിലയും അതിനുവേണ്ടിയുള്ള നികുതികളും ന്യായം ആണുതാനും.