Breaking News

അമൂല്യമായ ചിത്രങ്ങള്‍

നമുക്ക് തീര്‍ത്തും അപരിചിതമായ ഒരു കാലത്തിന്റെ നേര്‍ചിത്രങ്ങള്‍ നമ്മെ വിസ്മയം കൊള്ളിക്കുക തന്നെ ചെയ്യും. അത്തരം അമൂല്യമായ ചിത്രങ്ങള്‍ ഈയിടെ കണ്ടെടുക്കുകയുണ്ടായി. 100 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണകാലഇന്ത്യന്‍ജീവിതം തുറന്നുകാട്ടുന്ന ചിത്രങ്ങളാണവ. എഡിന്‍ബറോയിലെ ഒരു ഷൂബോക്‌സില്‍ നിന്നാണ് ചിത്രങ്ങളുടെ നെഗറ്റീവുകള്‍ കണ്ടെടുത്തത്. മൊത്തം 178 നെഗറ്റീവുകളാണുണ്ടായിരുന്നത്. റോയല്‍ കമ്മീഷന്‍ ഓഫ് ആന്‍ഷ്യന്റ് ആന്റ് ഹിസ്റ്റോറിക്കല്‍ മോണ്യുമെന്റ്‌സ് ഓഫ് സേ്കാട്ട്‌ലാന്റിന്റെ (ആര്‍സിഎഎച്ച്എംഎസ്) ശേഖരത്തില്‍ നിന്നാണ് ഈ വിലമതിക്കാവാത്ത ചിത്രങ്ങളുടെ 9 ഇഞ്ച് വലുപ്പമുള്ള ഷൂബോക്‌സ് കിട്ടിയത്. അഞ്ച്- എട്ട് ഇഞ്ച് വലുപ്പത്തിലുള്ള ചെറുപെട്ടികളിലായാണ് നെഗറ്റീവുകള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നത്. 1914-ലെ സ്റ്റേറ്റ്‌സ്‌മെന്‍ ന്യൂസ്‌പേപ്പര്‍താളുകള്‍ കൊണ്ട് ചെറുപെട്ടികള്‍ പൊതിഞ്ഞുവെച്ചിരുന്നു. ചിത്രങ്ങള്‍ എടുത്തതാരാണെന്നതിനെക്കുറിച്ച് സൂചനകളൊന്നും ലഭ്യമല്ല. ഫോട്ടോഗ്രാഫര്‍ ആരാണെന്ന് കണ്ടുപിടിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് ആര്‍സിഎഎച്ച്എംഎസ് വൃന്ദം. ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെയും മേരി രാജ്ഞിയുടേയും 1912-ലെ കല്‍ക്കത്ത സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ആഘോഷം, ഒറിസ്സയിലെ ജഗന്നാഥടെമ്പിളിന് മുന്നിലെ കച്ചവടക്കാര്‍ , ഹൂറ റെയില്‍വേസ്റ്റേഷനിലെ ചുമട്ടുതൊഴിലാളികള്‍ , ഡാര്‍ജിലിങിലെ ഒരു യുവതി, ഉല്‍സവങ്ങള്‍ എന്നിവയൊക്കെ ചിത്രങ്ങളിലുണ്ട്. ഈ ചരിത്രസ്‌നാപ്പുകള്‍ നമ്മെ പഴയ കാലത്തേക്ക് കൊണ്ട് പോവുക തന്നെ ചെയ്യും.