Breaking News

ഇന്‍റര്‍പോള്‍ തേടുന്ന കുറ്റവാളികളില്‍ 18 പേര്‍ മലയാളികള്‍

അന്താരാഷ്ട്ര ബന്ധമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളായി ഒളിവില്‍ കഴിയുന്ന 500-ഓളം ഇന്ത്യന്‍ കുറ്റവാളികളില്‍ 18 പേര്‍ മലയാളികളാണ്. ഇവരെ പിടികൂടാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സഹായം തേടിയതിനെ തുടര്‍ന്നാണ് ഇന്‍റര്‍പോള്‍ (അന്തര്‍ദേശീയ പോലീസ്) ഇവര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ഭീകരപ്രവര്‍ത്തനങ്ങള്‍, വ്യാജരേഖകള്‍ ഉണ്ടാക്കല്‍, സാമ്പത്തിക തട്ടിപ്പുകള്‍, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് പ്രതികള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന 18 മലയാളികളില്‍ ഭൂരിഭാഗവും ഗള്‍ഫ് നാടുകളിലാണ് അഭയം തേടിയിരിക്കുന്നത്. ഈ പ്രതികളെ കണ്ടെത്തുകയാണ് ഇന്‍റര്‍പോളിന്റെ ലക്ഷ്യം. എന്നാല്‍ മുംബൈ സ്‌ഫോടന കേസിലെ പത്തോളം കുപ്രസിദ്ധ കുറ്റവാളികളെ തേടിയുള്ള ഇന്‍റര്‍പോളിന്റെ ശ്രമങ്ങള്‍ നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിജയിച്ചിട്ടില്ല.

ഗള്‍ഫ് രാജ്യങ്ങളിലെ പോലീസ് ഈ പ്രതികളെ പിടികൂടിയാലും ഇന്ത്യക്ക് കൈമാറുന്നതില്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകാറുണ്ട്. കൊച്ചി കാനറ ബാങ്കിനെ 56 കോടി രൂപ വഞ്ചിച്ച കേസില്‍ പ്രതിയെ ദുബായ് പോലീസ് നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് അറസ്റ്റ് ചെയ്തതാണെങ്കിലും ഇതുവരെ കേസ് അന്വേഷിച്ച സിബിഐക്ക് കൈമാറിയിട്ടില്ല.

ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ക്രിമിനലുകളുമായി ബന്ധമുള്ള എറണാകുളം ജില്ലക്കാരായ അബ്ദുള്‍ സത്താര്‍, മുഹമ്മദ് ബഷീര്‍, തലശ്ശേരിയിലെ മുഹമ്മദ് അഷര്‍, കണ്ണൂരിലെ പി.പി. യൂസഫ് എന്നിവരാണ് ഇന്‍റര്‍പോളിന്റെ ലുക്ക്ഔട്ട് നോട്ടീസില്‍ പ്രമുഖസ്ഥാനം നേടിയിട്ടുള്ളത്.

ഇന്‍റര്‍പോളുമായി 190 ഓളം രാഷ്ട്രങ്ങളിലെ പോലീസ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. 2008 ല്‍ ദുബായില്‍ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പ് കേസില്‍ പ്രതിയായ സന്തോഷ് മാധവനെയും ഇന്‍റര്‍പോള്‍ അന്വേഷിക്കുന്നു. എന്നാല്‍ സ്ത്രീപീഡനക്കേസില്‍ പ്രതിയായി ശിക്ഷ അനുഭവിക്കുന്ന സന്തോഷ്മാധവനെ ഇന്‍റര്‍പോളിന് കൈമാറാന്‍ ഇന്ത്യയ്ക്ക് തടസ്സങ്ങള്‍ ഉണ്ട്.

പയ്യന്നൂര്‍ സ്വദേശിയായ ഡോ. ഓമന എടാടനും ഇന്‍റര്‍പോളിന്റെ ലുക്ക് ഔട്ട് നോട്ടീസില്‍ ഉള്‍പ്പെടും. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയിരുന്നു. ഊട്ടിയില്‍ വച്ചായിരുന്നു സംഭവം. ജാമ്യത്തില്‍ പുറത്തിറങ്ങിയ ഓമന പിന്നീട് കൊലാലംപൂരില്‍ ഒളിവില്‍ കഴിയുന്നുവെന്നാണ് പോലീസിന് കിട്ടിയ വിവരം.